വാര്‍ഡ് വിഭജനത്തിലെ നമ്പര്‍ മാറ്റത്തിന് ശാശ്വത പരിഹാരം. സംസ്ഥാനത്ത് ഡിജി ഡോര്‍ നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി വ്യക്തമാക്കി. ജെയിന്‍ യൂണിവേഴ്‌സിറ്റിയും കൊച്ചി കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ഫ്യൂച്ചര്‍ കൊച്ചി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വാര്‍ഡ് വിഭജന സമയത്ത് വീട്ടുനമ്പറുകള്‍ മാറുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നു മന്ത്രി പറഞ്ഞു. കൊച്ചിയുടെ വികസനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ അവസരം നാം കൃത്യമായി വിനിയോഗിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊച്ചി മേയര്‍ അഡ്വ. വി.കെ മിനിമോള്‍ പറഞ്ഞു. നഗരത്തിന്റെ സമഗ്ര വികസനത്തിനായി കൊച്ചി കോര്‍പ്പറേഷന്റെ അതിര്‍ത്തികള്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.
ചടങ്ങില്‍ എംഎല്‍എമാരായ ടോമി ചമ്മണി, ടിജെ വിനോദ്, ദീപക് ജോയ്, ഉമാ തോമസ്, ഡെപ്യൂട്ടി മേയര്‍ വി.ആര്‍ സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യ ദിനം നടന്ന വിവിധ സെഷനുകളിലായി മുന്‍ മന്ത്രി കെ ബാബു, എറണാകുളം കളക്ടര്‍ പ്രിയങ്ക ജി, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍ വേണു രാജാമണി തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ഡ് വിഭജനത്തിലെ നമ്പര്‍ മാറ്റത്തിന് ശാശ്വത പരിഹാരം; സംസ്ഥാനത്ത് ഡിജി ഡോര്‍ നടപ്പാക്കുമെന്ന് മന്ത്രി കെ. എം ഷാജി