പത്തു വര്‍ഷത്തെ ഭരണത്തുടര്‍ച്ച സിപിഎമ്മിനെയും സര്‍ക്കാരിനെയും ജനങ്ങളില്‍ നിന്ന് അകറ്റിയെന്നും സംഘടനാ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചെന്നും തുറന്നുസമ്മതിച്ച് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജ. പാര്‍ട്ടി വിശാല സമിതി യോഗം ചേരുന്ന നിര്‍ണായക ഘട്ടത്തിലാണ് നേതൃത്വത്തിന്റെ ശൈലിയെയും തീരുമാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് കെ.കെ. ശൈലജയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പാര്‍ട്ടിയിലെയും നേതൃത്വത്തിലെയും പോരായ്മകള്‍ അവര്‍ തുറന്നടിച്ചത്.
10 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നതിനാല്‍ ജനങ്ങളുമായി ദിനംപ്രതിയുള്ള ബന്ധം നിലനിര്‍ത്താനും അവരുടെ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും പാര്‍ട്ടിക്ക് സാധിച്ചില്ലെന്ന് ശൈലജ ചൂണ്ടിക്കാണിക്കുന്നു. സാവകാശമെടുത്ത് ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന രീതി കൈമോശം വരികയും ദീര്‍ഘകാലത്തെ ഭരണം മൂലം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വലിയ കുറവും അലസതയും സംഭവിക്കുകയും ചെയ്തു. പാര്‍ട്ടി തന്നെയാണ് സംസ്ഥാനം ഭരിക്കുന്നത് എന്നതിനാല്‍ എല്ലാ പ്രശ്‌നങ്ങളും താനേ പരിഹരിക്കപ്പെടുമെന്ന ധാരണ അണികളിലും പൊതുജനങ്ങളിലും രൂപപ്പെട്ടു. ഇതിനാല്‍ സര്‍ക്കാരിന്റെ പരിമിതികള്‍ മൂലം ചെറിയ കാര്യങ്ങള്‍ തടസ്സപ്പെടുമ്പോള്‍ പോലും അത് ജനങ്ങളെയും പ്രവര്‍ത്തകരെയും ഒരേപോലെ അസ്വസ്ഥരാക്കുകയും ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിക്കുകയും ചെയ്തു.
പേരാവൂര്‍ മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന് തനിക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നുവെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. സുരക്ഷിതമായ സിറ്റിംഗ് സീറ്റില്‍ നിന്ന് മാറ്റിയ പാര്‍ട്ടി തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ പുകയുന്നതിനിടയിലാണ് കെ.കെ. ശൈലജയുടെ ഈ തുറന്നുപറച്ചില്‍. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും ഭരണവീഴ്ചകളെക്കുറിച്ചും വിശാല സമിതി യോഗത്തില്‍ ചര്‍ച്ച നടക്കാനിരിക്കെ, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ പരസ്യമായി ഉന്നയിച്ചത് സംസ്ഥാന രാഷ്ട്രീയത്തിലും സിപിഎമ്മിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
ജനങ്ങളില്‍ നിന്ന് അകന്നു; സംഘടനാ പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ച സംഭവിച്ചു: സിപിഎമ്മിനെതിരെ തുറന്നടിച്ച് കെ.കെ. ശൈലജ