തിരുവനന്തപുരം: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ കാലത്ത് കോടികള്‍ ചെലവഴിച്ച് കിഫ്ബി വഴി നടത്തിയ കണ്ണൂര്‍ ജില്ലയിലെ ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. വലിയ ക്രമക്കേട് നടന്നു എന്നാണ് സുധാപിള്ള വിദഗ്ധസമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതോടെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് അന്വേഷിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയുടെ കേസാണിത്. കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരും.
പിണറായി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കിഫ്ബി വഴി ഊരാളുങ്കല്‍ സൊസൈറ്റിക്കു ലഭിച്ചത് 5898 കോടി രൂപയുടെ കരാറുകള്‍. വിവിധ ജില്ലകളിലായി 218 പദ്ധതികളാണ് പത്തു വര്‍ഷത്തിനിടയില്‍ ഊരാളുങ്കലിന് നല്‍കിയത്. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതില്‍ പകുതി പദ്ധതികള്‍ മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. 104 പദ്ധതികളാണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്. പലതിനും കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്. ആറായിരം കോടിയോളം രൂപയുടെ കരാറുകള്‍ കിഫ്ബി വഴി ഊരാളുങ്കലിനു കിട്ടിയതിനെക്കുറിച്ചും നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ചകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തുവാനാണ് സര്‍ക്കാര്‍ നീക്കം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് മുന്‍ പിണറായി സര്‍ക്കാരിന്റെ കിഫ്ബിയിലെ ക്രമക്കേടുകളും അഴിമതിയും ഓരോന്നായി പുറത്തുവരുന്നത്. വരും ദിവസങ്ങളിലെ അന്വേഷണത്തില്‍ പിണറായി സര്‍ക്കാരിന്റെ അഴിമതികളില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാനാണ് സാധ്യത.