തിരുവനന്തപുരം: കേന്ദ്ര പാര്‍ലമെന്റില്‍ സംസ്ഥാനത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട ബില്‍ പാസായതിന് പിന്നാലെ, മാതൃകാപരമായ ചുവടുവെപ്പുമായി കേരളം. 'കേരള സംസ്ഥാന ശിശുക്ഷേമ സമിതി' എന്നത് ഇനിമുതല്‍ 'കേരളം സംസ്ഥാന ശിശുക്ഷേമ സമിതി' എന്നറിയപ്പെടും. രാജ്യത്ത് തന്നെ ഏറ്റവും വേഗത്തില്‍ പേര് മാറ്റി പ്രാവര്‍ത്തികമാക്കിയാണ് സമിതി മാതൃക കാട്ടിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ മികവിനുള്ള അംഗീകാരം കൂടിയാണ് ഈ പുനര്‍നാമകരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാറ്റത്തിന്റെ പ്രതീകമായി തൈക്കാട് ആസ്ഥാനത്തെ നവീകരിക്കുന്ന മന്ദിരത്തിന്റെ നെറുകയില്‍ 'കേരളം സംസ്ഥാന ശിശുക്ഷേമ സമിതി' എന്ന് രേഖപ്പെടുത്തിക്കഴിഞ്ഞു.
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തൈക്കാട് ആസ്ഥാനത്ത് 5 കോടി രൂപ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഒന്നര വര്‍ഷമായി നടന്നുവരുന്ന നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന ദത്തെടുക്കല്‍ - ശിശുപരിചരണ കേന്ദ്രമായി ഈ മന്ദിരം മാറുമെന്ന് കേരളം സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ദത്തെടുക്കല്‍ - ശിശുപരിചരണ കേന്ദ്രം, ചില്‍ഡ്രന്‍സ് തിയേറ്റര്‍, വിശാലമായ കളിസ്ഥലം എന്നിവ സജ്ജമാകും. രണ്ടാം ഘട്ടത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാവകളുടെ ശേഖരവും ചരിത്ര സംഭവങ്ങളും ഉള്‍ക്കൊള്ളുന്ന ചാച്ചാ നെഹ്രു ചില്‍ഡ്രന്‍സ് മ്യൂസിയം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വന്‍ പുസ്തകശേഖരമുള്ള ലൈബ്രറി, മുലപ്പാല്‍ ബാങ്ക് തുടങ്ങിയവ ഒരുക്കും. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ ആദ്യവാരം നടക്കും. പാര്‍ലമെന്റ് തീരുമാനത്തിന് പിന്നാലെ വേഗത്തില്‍ പേര് മാറ്റി നടപ്പിലാക്കിയതിലൂടെ കുട്ടികളുടെ ക്ഷേമത്തില്‍ കേരളം വീണ്ടും രാജ്യത്തിന് മുന്നിലെത്തി എന്ന സന്ദേശമാണ് നല്‍കുന്നതെന്നും അഡ്വ. ജി.എല്‍. അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു.
'കേരളം' ആയി മാറി ശിശുക്ഷേമ സമിതി; സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 5 കോടി ചെലവില്‍ ഇന്ത്യയിലെ മികച്ച ശിശുപരിചരണ കേന്ദ്രം ഒരുങ്ങുന്നു