തിരുവനന്തപുരം: അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടു ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്തുനിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങും. കൂടാതെ ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദ സാഹചര്യങ്ങളും കേരളത്തില്‍ മഴ കനക്കാന്‍ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
മന്നാര്‍ ഉള്‍ക്കടലിനും തെക്കന്‍ തമിഴ്നാട് തീരത്തിനും മുകളിലും, സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ചക്രവാതച്ചുഴി തുടരുന്നുണ്ട്. ഇതിനുപുറമേ തെക്കന്‍ ആന്‍ഡമാന്‍ കടലിലും മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ഈ കാലാവസ്ഥാ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒക്ടോബര്‍ 16 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ 15, 16 തീയതികളില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കാം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത