തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി, നവംബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി, നവംബർ 14-ഓടെ ശക്തി കൂടിയ ന്യൂനമർദ്ദമായും നവംബർ 15-ഓടെ തീവ്രന്യൂനമർദ്ദമായും ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം.
ഇതിനുപുറമേ, തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലും, മന്നാർ കടലിടുക്കിനും സമീപപ്രദേശങ്ങളിലുമായി മറ്റ് രണ്ട് ചക്രവാതച്ചുഴികളും നിലനിൽക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി നവംബർ 12 മുതൽ 16 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് (നവംബർ 12) ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം:
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (12/11/2026) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നവംബർ 12 മുതൽ 16 വരെ ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ഇടങ്ങളിൽ ജാഗ്രതാ നിർദ്ദേശം