തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ നവംബര്‍ 11 മുതല്‍ നവംബര്‍ 13 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വലിയ തോതില്‍ നാശനഷ്ടം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറാന്‍ ശ്രദ്ധിക്കണം.
പ്രധാന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍:
വീടുകളില്‍: ശക്തമായ കാറ്റും ഇടിമിന്നലുമുള്ള സമയത്ത് ജനലും വാതിലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ പരമാവധി സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
യാത്രകളില്‍: ഇടിമിന്നലുള്ളപ്പോള്‍ വാഹനത്തിനകത്ത് തന്നെ തുടരുക. ബൈക്ക്, സൈക്കിള്‍ തുടങ്ങിയ തുറന്ന വാഹനങ്ങളിലെ യാത്ര ഒഴിവാക്കി സുരക്ഷിത സ്ഥലത്ത് അഭയം തേടുക.
പുറത്തിറങ്ങുമ്പോള്‍: മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുത്. ടെറസുകളിലോ തുറസായ സ്ഥലങ്ങളിലോ കളിക്കുന്നതും തുണികള്‍ എടുക്കാന്‍ പോകുന്നതും ഒഴിവാക്കുക.
മത്സ്യത്തൊഴിലാളികള്‍ക്ക്: ജലാശയങ്ങളില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നതോ ബോട്ടിങ് നടത്തുന്നതോ ഇടിമിന്നല്‍ സമയത്ത് പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് അടുത്തുള്ള കരയിലേക്ക് മാറേണ്ടതാണ്.
പ്രഥമ ശുശ്രൂഷ: മിന്നലേറ്റാള്‍ ആദ്യ 30 സെക്കന്‍ഡുകള്‍ ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല എന്നതിനാല്‍ ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യസഹായം എത്തിക്കാനും മടിക്കരുത്.
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്