കായികക്കരുത്തിനൊപ്പം കലയുടെ മികവും. ആവേശപ്പോരാട്ടങ്ങള്‍ക്കൊപ്പം ചുവടുവെപ്പുകളുടെ താളവും. കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മാറ്റുകൂട്ടി വിദ്യാര്‍ഥികളുടെ വര്‍ണാഭമായ കലാപരിപാടികള്‍. നാലായിരത്തോളം കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റിനൊപ്പം മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സാംസ്‌കാരിക വിരുന്നും ഉദ്ഘാടനച്ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായി.
കായികമേളയുടെ ആവേശത്തിന് കലയുടെ ചാരുത പകര്‍ന്നാണ് വിദ്യാര്‍ഥികളുടെ പ്രകടനങ്ങള്‍ അരങ്ങേറിയത്. സൂംബ നൃത്തവും അക്രോബാറ്റിക് നൃത്തവുമടക്കമുള്ള പരിപാടികള്‍ കാണികള്‍ക്ക് വേറിട്ട അനുഭവമായി. ചടുലമായ ചുവടുകളും വര്‍ണാഭമായ വേഷങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ വേദി ആവേശത്തിന്റെ മറ്റൊരു ലോകമായി. മത്സരവേദികളില്‍ വേഗവും കരുത്തും കൊണ്ട് മികവ് തെളിയിക്കാന്‍ കായികപ്രതിഭകള്‍ ഒരുങ്ങുമ്പോള്‍, കലാവേദിയില്‍ സര്‍ഗാത്മകതയുടെ മികവുമായാണ് വിദ്യാര്‍ഥികള്‍ എത്തിയത്. ശരീരത്തിന്റെ കരുത്തിനൊപ്പം മനസ്സിന്റെ സര്‍ഗാത്മകതയും പ്രകടമാക്കിയ പരിപാടികള്‍ കായികമേളയുടെ ആഘോഷത്തിന് പുതിയ മാനം നല്‍കി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ കൂട്ടായ്മയും അച്ചടക്കവും ആത്മവിശ്വാസവും പ്രകടനങ്ങളില്‍ നിറഞ്ഞുനിന്നു. മത്സരങ്ങള്‍ക്കപ്പുറം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്നതായി കലാപരിപാടികള്‍.
ആവേശപ്പോരാട്ടങ്ങള്‍ക്കൊപ്പം താളമേളങ്ങളും; കായികമേളയില്‍ വര്‍ണ്ണക്കാഴ്ചയൊരുക്കി വിദ്യാർത്ഥികൾ