സംസ്ഥാനത്ത് കനത്ത മഴയും നാശനഷ്ടങ്ങളും തുടരുന്ന പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ എല്ലാ ജില്ലകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. നിലവിലെ അടിയന്തര സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം ചേരും.
കനത്ത മഴ മുന്നറിയിപ്പുള്ള കോട്ടയം ജില്ലയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ഡി.ആര്‍.എഫ് സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ മഴയുടെ തീവ്രതയില്‍ ചെറിയ കുറവുണ്ടെങ്കിലും കനത്ത ജാഗ്രത തുടരുകയാണ്. അതേസമയം തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നീ വടക്കന്‍ ജില്ലകളില്‍ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മലപ്പുറം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ചെറിയ രീതിയില്‍ മണ്ണിടിച്ചിലും റോഡുകളിലേക്ക് മണ്ണ് വീണ് ഗതാഗത തടസ്സവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോടൂര്‍ നൂറാടി പാലത്തിന് സമീപം മണ്ണടിഞ്ഞുണ്ടായ തടസ്സം ഉടന്‍ തന്നെ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ അപകട സാധ്യതകള്‍ ഒഴിവാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മഴക്കെടുതി രൂക്ഷം: കളക്ടര്‍മാരുടെ യോഗം വിളിച്ചു; ദുരന്തനിവാരണം ശക്തമാക്കാന്‍ നിര്‍ദ്ദേശവുമായി മന്ത്രി എപി അനില്കുമാര്