തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരത്തെ രണ്ട് ജില്ലകളിൽ മാത്രം പ്രവചിച്ചിരുന്ന ശക്തമായ മഴ, പുതുക്കിയ വിവരങ്ങൾ അനുസരിച്ച് ഇന്ന് ഏഴ് ജില്ലകളിൽ ലഭിക്കാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത