തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തുനിന്ന് പൂർണ്ണമായി പിൻവാങ്ങുമെന്നാണ് വിലയിരുത്തൽ.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാന്നിധ്യവും കേരളത്തിൽ മഴ കനക്കാൻ കാരണമാകും. മന്നാർ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കൂടാതെ തെക്കൻ ആൻഡമാൻ കടലിനു മുകളിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പിന്റെ ഭാഗമായി വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.