തീവ്രന്യൂനമര്‍ദ്ദം: വടക്കന്‍-മധ്യ കേരളത്തില്‍ മഴ ശക്തമാകും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ നിലനില്‍ക്കുന്ന തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തമായ തീവ്രന്യൂനമര്‍ദ്ദവുമാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ചാണ് ഇപ്പോള്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് വടക്കന്‍ ഒഡീഷ തീരത്ത് ബാലസോറിന് സമീപത്തുകൂടി കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ജൂലൈ 09 വരെ ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്.
വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും മഴ കനക്കുക. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കടലില്‍ മോശം കാലാവസ്ഥയും ശക്തമായ കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശനമായി നിര്‍ദേശിക്കുന്നു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.