തിരുവനന്തപുരം: പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം. 2010-ൽ നടന്ന സബ് ഇൻസ്പെക്ടർ (എസ്.ഐ) നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിലെ മുൻഗണന മറികടന്ന് മറ്റ് മൂന്നുപേർക്ക് നിയമനം നൽകിയെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നൽകിയത്.
എഴുത്തുപരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ, റാങ്ക് ലിസ്റ്റിൽ മുൻഗണന ലഭിക്കേണ്ട നാലുപേരിൽ മൂന്നുപേർക്ക് അനധികൃതമായി ജോലി ലഭിക്കുന്ന സാഹചര്യമുണ്ടായെന്നാണ് ആരോപണം. വിഷയം കോടതിയുടെ പരിഗണനയിലെത്തിയപ്പോൾ വിവരാവകാശ മറുപടിയിലൂടെ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. പി.എസ്.സി റീജിയണൽ ഓഫീസർ, അണ്ടർ സെക്രട്ടറി, അപ്പീൽ അധികാരി എന്നിവർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന് തന്നെയാണ് ഈ കേസിന്റെ ചുമതലയും നൽകിയിരിക്കുന്നത്.