തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ പി.എസ്.സി.ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പരാതി. ചീഫ് (ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍ ഡിവിഷന്‍) നിയമനത്തിനായി നടത്തിയ പരീക്ഷയില്‍ ചില ഉദ്യോഗാര്‍ഥികളുടെ പത്തോളം ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഉപേക്ഷിച്ചതായാണ് കണ്ടെത്തല്‍. പരീക്ഷയെഴുതിയവര്‍ വിവരാവകാശ പ്രകാരം ഉത്തരക്കടലാസിന്റെ പകര്‍പ്പെടുത്തപ്പോഴാണ് ഈ അപാകത പുറത്തുവന്നത്.
ആലപ്പുഴ മുഹമ്മ സ്വദേശിയായ ഉദ്യോഗാര്‍ഥിയുടെ ഒന്നാം പേപ്പറിലെ 9 മുതല്‍ 18 വരെയുള്ള പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയത്. ആകെയുള്ള 100 മാര്‍ക്കില്‍ 58 മാര്‍ക്കും ഈ ചോദ്യങ്ങള്‍ക്കായിരുന്നു. ബാക്കിയുള്ള ഉത്തരങ്ങളുടെ മാര്‍ക്ക് മാത്രമാണ് ഇദ്ദേഹത്തിന് നല്‍കിയത്. ഈ മൂല്യനിര്‍ണയ പിഴവിനെതിരെ ഉദ്യോഗാര്‍ഥി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറി പദവിക്ക് തുല്യമായ, 1,23,700 - 1,66,800 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികയിലേക്ക് 2022-ലാണ് വിജ്ഞാപനം വന്നത്. തുടര്‍ന്ന് 2023 ജൂലൈയില്‍ വിവരണാത്മക രീതിയില്‍ രണ്ട് പേപ്പറുകളായി പരീക്ഷ നടത്തി. 2025 ഫെബ്രുവരിയില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുകയും, അഭിമുഖത്തിന് ശേഷം മേയ് 31-ന് റാങ്ക് പട്ടിക നിലവില്‍ വരികയും ചെയ്തു. നിലവിലുണ്ടായിരുന്ന ഒരൊഴിവിലേക്ക് 2025 ജൂണ്‍ 23-ന് ഒന്നാം റാങ്കുകാരന് നിയമന ശുപാര്‍ശയും നല്‍കിയിരുന്നു.
അതേസമയം, മൂല്യനിര്‍ണയത്തില്‍ സംശയമുണ്ടായിരുന്ന ഉദ്യോഗാര്‍ഥികള്‍ പകര്‍പ്പിനായി അപേക്ഷിച്ചെങ്കിലും ഒരു വര്‍ഷത്തോളം വൈകിയാണ് പി.എസ്.സി. ഉത്തരക്കടലാസുകള്‍ നല്‍കിയത്. പരീക്ഷ ശരിയായ രീതിയില്‍ പുനര്‍മൂല്യനിര്‍ണയം നടത്തി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
പി.എസ്.സി. പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ്; ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തിയില്ല; ആസൂത്രണ ബോര്‍ഡ് നിയമനം വിവാദത്തിൽ