തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ചെയര്‍മാന്‍ എം.ആര്‍ ബൈജു. ഇതുസംബന്ധിച്ച് അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തിന് ഔദ്യോഗിക മറുപടി നല്‍കി. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെടുക്കാമെന്നാണ് എം.ആര്‍ ബൈജു അറിയിച്ചത്.
നേരത്തെ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിച്ചിരുന്ന ബൈജുവിന്റെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി പരാമര്‍ശത്തിന് പിന്നാലെയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം വീണ്ടും നോട്ടീസ് നല്‍കിയത്. എന്നാല്‍ ഹൈക്കോടതി വിധി വന്നതിന് ശേഷം മാത്രം ക്രൈംബ്രാഞ്ചിന് മുന്നിലെത്താമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും കര്‍ശന നോട്ടീസ് നല്‍കി. ഇത് മൂന്നാം തവണയാണ് കേസില്‍ ചോദ്യം ചെയ്യലിനായി ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കുന്നത്.