'മൈ പൊലീസ് സ്റ്റേഷന്‍': കേരള പൊലീസില്‍ ചരിത്രപരമായ പരിഷ്‌കാരങ്ങളുമായി ആഭ്യന്തര വകുപ്പ്; ഓഗസ്റ്റ് 15 മുതല്‍ നടപ്പിലാക്കും
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സംവിധാനത്തെയും പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെയും കൂടുതല്‍ ജനകീയമാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് 'മൈ പൊലീസ് സ്റ്റേഷന്‍' (My Police Station) എന്ന പേരില്‍ വിപ്ലവകരമായ പുതിയ പദ്ധതിക്ക് തുടക്കമാകുന്നു. ഓഗസ്റ്റ് 15 മുതല്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ നിലവില്‍ വരുമെന്ന് ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (S.H.O) സബ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ എസ്.എച്ച്.ഒമാരാക്കുന്ന രീതിയിലാണ് മാറ്റം വരുത്തിയത്. നേരിട്ട് സര്‍വീസില്‍ പ്രവേശിക്കുന്ന യുവതി-യുവാക്കളായ എസ്.ഐമാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളും സ്വാതന്ത്ര്യവും നല്‍കുന്നത് അവരുടെ കാര്യക്ഷമതയും തീരുമാനമെടുക്കാനുള്ള ശേഷിയും വര്‍ധിപ്പിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 484 ക്രമസമാധാന പൊലീസ് സ്റ്റേഷനുകളില്‍ 419 ഇടങ്ങളില്‍ എസ്.ഐമാരായിരിക്കും ഇനി എസ്.എച്ച്.ഒമാര്‍. കൂടുതല്‍ പ്രാധാന്യമുള്ള 64 സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ തല്‍സ്ഥാനത്ത് നിലനിര്‍ത്തും. മുല്ലപ്പെരിയാറിലെ തന്ത്രപ്രധാനമായ സ്റ്റേഷന്റെ ചുമതല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസിനായിരിക്കും (DySP). ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 63 പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കും. എസ്.എച്ച്.ഒമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും വഴിനടത്താനുമായി സി.ഐമാരുടെ കീഴില്‍ 200 പുതിയ പൊലീസ് സര്‍ക്കിളുകള്‍ രൂപീകരിക്കും.
പൊലീസ് സ്റ്റേഷനുകളിലെത്തുന്ന ഓരോ പൗരന്റെയും അന്തസ്സ് മാനിച്ചുകൊണ്ട് സമയബന്ധിതമായി മികച്ച സേവനം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കസ്റ്റഡി മരണങ്ങളും കസ്റ്റഡി മര്‍ദ്ദനങ്ങളും പൂര്‍ണ്ണമായും തുടച്ചുനീക്കും. നിയമവിരുദ്ധവും മാനവികവിരുദ്ധവുമായ മൂന്നാംമുറ പൊലീസിംഗില്‍ ഇനി അനുവദിക്കില്ലെന്ന് മന്ത്രി കര്‍ശന മുന്നറിയിപ്പ് നല്‍കി. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതുപോലെ തന്നെ അത് തെളിയിക്കാന്‍ പൊലീസ് സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളും സുതാര്യമായിരിക്കണം.
പുതിയ മാറ്റങ്ങളുടെ ഭാഗമായി എസ്.എച്ച്.ഒമാര്‍ക്കും താഴെത്തട്ടിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഘട്ടം ഘട്ടമായി ഓര്‍ഗനൈസേഷന്‍/ഓറിയന്റേഷന്‍ പരിശീലനം നല്‍കും. സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരും (C.I മുതല്‍ മുകളിലോട്ട്) കീഴുദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാനും മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനും പ്രത്യേക പരിശീലനമുണ്ടാകും. ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഹൈടെക് സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ഐ.ജി സൈബര്‍ സെക്യൂരിറ്റിയുടെ മേല്‍നോട്ടത്തില്‍ പൊലീസിനെ കൂടുതല്‍ സജ്ജമാക്കും. കഴിഞ്ഞ 20 വര്‍ഷമായി നിലനില്‍ക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതിയെ കൂടുതല്‍ ശക്തമാക്കും. 'മൈ പൊലീസ് സ്റ്റേഷന്‍' പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി റേഞ്ച് ഡി.ഐ.ജിമാര്‍ വഴി പ്രതിമാസം പൊതുജനങ്ങളില്‍ നിന്നും സ്വതന്ത്രമായ ഫീഡ്ബാക്ക് (Independent Feedback) ശേഖരിക്കും. സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ എ.ഡി.ജി.പി (ക്രമസമാധാനം) ആയിരിക്കും പദ്ധതിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍. പദ്ധതിയുടെ പുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും സര്‍ക്കാര്‍ വിലയിരുത്തും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.