തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനങ്ങളുമായി കേരള പൊലീസ്. 'എച്ച് എം ആക്ട്സ്' (HM Acts - Home Minister's Action Tracking System) എന്ന ഡിജിറ്റൽ പെറ്റിഷൻ മാനേജ്‌മെന്റ് സിസ്റ്റം വഴി ഇനി പരാതികൾ രേഖപ്പെടുത്താനും അടിയന്തര നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും സാധിക്കും.
പരാതികളിൽ ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികൾ തത്സമയം നിരീക്ഷിക്കാനും, ഇതിന്റെ വിവരങ്ങൾ പരാതിക്കാരനെ നേരിട്ട് അറിയിക്കാനും ഈ സംവിധാനത്തിൽ സൗകര്യമുണ്ട്. അടിയന്തര പ്രാധാന്യമുള്ള പരാതികളിൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ നേരിട്ട് നിർദ്ദേശങ്ങൾ രേഖപ്പെടുത്താനാകും. ഇതിനുപുറമേ, സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനായി 'ഹോംസ്' (HOMeS) എന്ന തത്സമയ ഡാഷ്‌ബോർഡും സജ്ജമാക്കിയിട്ടുണ്ട്. പ്രധാന കേസുകളുടെ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ഇതിലൂടെ ലഭ്യമാകും. അതേസമയം, കേസ് അന്വേഷണങ്ങളിൽ ഒരു തരത്തിലും ഇടപെടില്ലെന്നും രഹസ്യസ്വഭാവം പൂർണ്ണമായും നിലനിർത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
പൊലീസിന്റെ പ്രവർത്തനം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. കേരള പൊലീസിന്റെ ഡിജിറ്റൽ സാങ്കേതിക വിഭാഗമായ ഐകോപ്സ് (iCoPS) ആണ് ഈ രണ്ടു സോഫ്റ്റ്‌വെയറുകളും വികസിപ്പിച്ചെടുത്തത്.
ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ വേഗത്തിൽ നടപടി; 'എച്ച് എം ആക്ട്സ്' ഡിജിറ്റൽ സംവിധാനവുമായി കേരള പൊലീസ്