തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ വേതനവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് ഏറ്റവും കുറഞ്ഞ ശമ്പളം കൈപ്പറ്റുന്നവരിൽ പ്രമുഖരാണ് കേരളത്തിലെ എംഎൽഎമാർ എന്നതാണ് ഇതിന്റെ മറുവശം.
ഒഡിഷ (3.45 ലക്ഷം രൂപ), തെലങ്കാന (2.50 ലക്ഷം രൂപ), മഹാരാഷ്ട്ര (2.30 ലക്ഷം രൂപ), ഝാർഖണ്ഡ് (2.25 ലക്ഷം), ഹരിയാന (2.20 ലക്ഷം), മധ്യപ്രദേശ് (2.10 ലക്ഷം) തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിനിധികൾക്ക് ഉയർന്ന വേതനം ലഭിക്കുമ്പോൾ കേരളത്തിൽ ഇത് വളരെ കുറവായിരുന്നു. ഡൽഹിയിൽ പോലും പ്രതിമാസം 90,000 രൂപയോളം എംഎൽഎമാർക്ക് ലഭിക്കുന്നുണ്ട്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ അടുത്തിടെയാണ് വേതനം 1.05 ലക്ഷത്തിൽ നിന്ന് 1.80 ലക്ഷമായി ഉയർത്തിയത്. സ്റ്റാഫ് നിയമനത്തിന് ഉൾപ്പെടെ വലിയ തുക അലവൻസായും അവിടെ നൽകുന്നുണ്ട്.
ഈ അന്തരം പരിഹരിക്കുന്നതിനാണ് എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ജനപ്രതിനിധികളുടെ ശമ്പളം പരിഷ്കരിക്കുന്നത്. നിലവിൽ പ്രതിമാസം ലഭിക്കുന്ന 70,000 രൂപയിൽ നിന്ന് ശമ്പളം 98,000 രൂപയായി ഉയർത്തും. ജീവിതച്ചെലവുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ശമ്പളം വർധിപ്പിക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ 2018-ലാണ് ഇവിടെ ശമ്പള വർധനവ് നടപ്പിലാക്കിയത്. പ പഠന റിപ്പോർട്ട് പ്രകാരം നിലവിലെ ആനുകൂല്യങ്ങളിൽ 35 ശതമാനം വരെ വർധന വരുത്താം. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റിങ് ഫീസ്, ചികിത്സാ പരിധി, ടെലിഫോൺ ചാർജ് തുടങ്ങിയവ ഉയരും. മന്ത്രിസഭ അംഗീകരിച്ച ഇതിന്റെ കരട് ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കും.
നിലവിൽ ഒരു എംഎൽഎയ്ക്ക് പ്രതിമാസ നിശ്ചിത അലവൻസായി 2000 രൂപ, മണ്ഡലം അലവൻസ് 25,000 രൂപ, ടെലിഫോൺ അലവൻസ് 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000 രൂപ, മിനിമം യാത്രാക്കൂലി 20,000 രൂപ, മറ്റ് ചെലവുകൾക്ക് 8,000 രൂപ എന്നിവയാണ് ലഭിക്കുന്നത്. ഇതിന് പുറമേ ഓരോ കിലോമീറ്ററിനും അധികമായി 10 രൂപ, വർഷം 4 ലക്ഷത്തിന്റെ റെയിൽവേ കൂപ്പൺ, സംസ്ഥാനത്തിനകത്ത് 1,000 രൂപയും പുറത്ത് 1,200 രൂപയും ദിനബത്ത, സൗജന്യ ചികിത്സ, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 10 ലക്ഷം രൂപ വരെ പലിശരഹിത വാഹനവായ്പ, 20 ലക്ഷം വരെ ഭവനവായ്പ, 15,000 രൂപ പുസ്തക അലവൻസ് എന്നിവയും ലഭിക്കും. സർവീസ് കാലാവധി അനുസരിച്ച് 8,000 മുതൽ 20,000 രൂപ വരെയാണ് പെൻഷൻ. മന്ത്രിമാർക്ക് 2,000 രൂപ അടിസ്ഥാന ശമ്പളവും, ക്ഷാമബത്തയായി 28,429 രൂപയും, മണ്ഡല അലവൻസ് 40,000 രൂപയും യാത്രാബത്തയായി 17,000 രൂപയും ലഭിക്കുന്നുണ്ട്. കൂടാതെ മന്ത്രിമാർക്കും കുടുംബത്തിനും സമ്പൂർണ ചികിത്സാ പരിരക്ഷ, ഔദ്യോഗിക വസതി, കാർ, പൈലറ്റ് വാഹനം എന്നിവയും ലഭ്യമാണ്.
എട്ട് വർഷത്തിന് ശേഷം ശമ്പള പരിഷ്കരണം: കേരളത്തിലെ ജനപ്രതിനിധികൾക്ക് ഇനി പ്രതിമാസം 98,000 രൂപ; വിവരങ്ങൾ അറിയാം