Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തുറമുഖങ്ങളെയെല്ലാം ഇന്റഗ്രേറ്റ് ചെയ്ത് കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ


മിഷൻ സമുദ്ര ഈ സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും കടൽ നമുക്ക് അതിര് മാത്രമല്ല, ഭാവിയിലേക്കുള്ള ഗേറ്റ്‌വേ കൂടിയാണെന്നും നിയമസഭയിൽ 2026-ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരുമിച്ചുള്ള കവാടമാണ് കടൽ. എന്തുകൊണ്ടാണ് ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ ഈ മിഷൻ സമുദ്ര ഒരു സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ചത് എന്ന് പരിശോധിക്കുമ്പോൾ കേരളത്തിന്റെ നേട്ടങ്ങളും പരിമിതികളും വിലയിരുത്തേണ്ടതുണ്ട്. കിഴക്ക് മുഴുവൻ ഫോറസ്റ്റ് ആക്ടിന്റെ പരിധിയിലുള്ള വനമേഖലയും പാഡി ലാൻഡ് നിയന്ത്രണങ്ങളും, പടിഞ്ഞാറ് സി.ആർ.ഇസഡ് നിയന്ത്രണങ്ങളും ഉള്ളതിനാൽ ഭൂമിയുടെ ലഭ്യത കുറവാണ്. കൂടാതെ ഉയർന്ന ജനസാന്ദ്രതയും ഉള്ളതുകൊണ്ട് അയൽ സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ പല വ്യവസായങ്ങളും സംരംഭങ്ങളും ഇവിടെ തുടങ്ങുന്നതിന് പരിമിതികളുണ്ട്. എന്നാൽ നമുക്ക് ലഭിച്ചിട്ടുള്ള 600 കിലോമീറ്ററോളമുള്ള കടൽത്തീരവും, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും, ഒരു കണ്ടെയ്നർ ടെർമിനലും, 18 മിനി തുറമുഖങ്ങളും നമ്മുടെ വലിയ സാധ്യതകളാണ്. ഈ തുറമുഖങ്ങളെയെല്ലാം ഇന്റഗ്രേറ്റ് ചെയ്ത് കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തെ പ്രമുഖ പോർട്ട് സിറ്റികളായ സിംഗപ്പൂരുമായും സിയാറ്റിലുമായും താരതമ്യം ചെയ്യുമ്പോൾ, ലോകത്ത് ഇതുപോലെ തുറമുഖ നഗരമാക്കി മാറ്റാൻ സാധിക്കുന്ന മറ്റൊരു പ്രദേശമില്ലെന്ന് മാരിടൈം വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ വികസനത്തിന്റെ പ്രധാന ലക്ഷ്യം കുറെ പോർട്ടുകൾ ഉണ്ടാക്കുക എന്നത് മാത്രമല്ല. തീരദേശ കപ്പൽ ഗതാഗതത്തിലൂടെ റോഡിലെ വാഹനങ്ങളുടെ സാന്ദ്രത കുറയ്ക്കാനും, റോഡ് ഗതാഗത ചെലവിന്റെ മൂന്നിലൊന്ന് ചെലവിൽ അമ്പത് ശതമാനം ചരക്കുകൾ കടലിലൂടെ കൊണ്ടുപോകാനും സാധിക്കും. ആദ്യ ഘട്ടത്തിൽ ഓയിൽ, ഗ്യാസ്, കെമിക്കൽസ്, ഹസാർഡസ് മെറ്റീരിയലുകൾ എന്നിവയും, രണ്ടാം ഘട്ടത്തിൽ ക്രൂയിസ് ടെർമിനലുകൾ വഴി കൊച്ചിയിൽ നിന്ന് ദുബായ്, മാലിദ്വീപ്, ശ്രീലങ്ക, ഗോവ, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ക്രൂയിസ് ഷിപ്പിംഗ് വെസ്സലുകളും ആരംഭിക്കാൻ ലക്ഷ്യമിടുന്നു. ഇത് ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾ തുറന്നുതരും. കൂടാതെ കേരളത്തിലെ 44 നദികളുമായി ഇതിനെ ഇന്റഗ്രേറ്റ് ചെയ്ത് റിവർ ക്രൂയിസ് ആരംഭിക്കാനും സാധിക്കും. തുറമുഖങ്ങളുടെ വികസനത്തോടൊപ്പം തീരദേശ കപ്പൽഗതാഗതം, ഉൾനാടൻ ജലഗതാഗതം, തുറമുഖാധിഷ്ഠിതമായ വ്യവസായങ്ങൾ, മാരിടൈം ടൂറിസം, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണിയും, തീരദേശ ജനതയുടെ ഉപജീവനം എന്നിവയും ഇതിന്റെ ഭാഗമാകും. വിഴിഞ്ഞം പോർട്ടിലെ ഇമ്പോർട്ട്-എക്സ്പോർട്ട് ആക്ടിവിറ്റികൾ പ്രയോജനപ്പെടുത്തുന്നതിനായി കണ്ടെയ്നർ സ്റ്റേഷനുകളും വെയർഹൗസുകളും സ്ഥാപിക്കുകയും, കേരളത്തിന്റെ തനതായ സ്പൈസസ്, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വാല്യൂ അഡീഷൻ നടത്തി കയറ്റുമതി ചെയ്യാനും പദ്ധതിയിടുന്നു. ഒപ്പം മുൻകാലങ്ങളിൽ കേരളത്തിന് വലിയ വിദേശനാണ്യം നേടിത്തന്നിരുന്ന സീഫുഡ് കയറ്റുമതി തിരിച്ചുപിടിക്കുന്നതിനായി സതേൺ ഇക്കണോമിക് കോറിഡോർ ആശയത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പോർട്ട് നഗരവും കൊല്ലം മിനറൽ കൊറിഡോറും ആലപ്പുഴ ബ്ലൂ ഇക്കോണമിയും രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2025-ലെ കേന്ദ്ര നിയമപ്രകാരം ചെറുകിട തുറമുഖങ്ങളുടെ പൂർണ്ണമായ നിയന്ത്രണം മാരിടൈം ബോർഡിന് വിട്ടുനൽകിയിട്ടുണ്ടെങ്കിലും, നിലവിലുള്ള സംസ്ഥാന നിയമത്തിൽ അതിന് നിയമപരമായ പിന്തുണയുണ്ടായിരുന്നില്ല. 2021-ലെ ഇൻലാന്റ് വെസ്സൽസ് ആക്ട് പ്രകാരം ഉൾനാടൻ ജലയാനങ്ങളുടെ നിയുക്ത അധികാരിയായി ബോർഡിനെ ചുമതലപ്പെടുത്തിയെങ്കിലും അത് നിർവഹിക്കാനുള്ള സംവിധാനങ്ങളും കുറവായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് മാരിടൈം ബോർഡിനെ നിയമപരമായി ശക്തമാക്കുന്ന ഭേദഗതികൾ കൊണ്ടുവരുന്നത്. ആക്ടിലെ മൂന്നാം വകുപ്പ് ഭേദഗതി ചെയ്ത് മുഖ്യമന്ത്രി ചെയർപേഴ്സണായുള്ള സംവിധാനം കൊണ്ടുവരുന്നു. തുറമുഖം, മത്സ്യബന്ധനം, വ്യവസായം, ധനകാര്യം, റവന്യൂ, നിയമം, തീരദേശ സുരക്ഷ തുടങ്ങിയ എല്ലാ വകുപ്പുകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ബോർഡായി ഇത് മാറുന്നതോടെ ഒറ്റ മേശയ്ക്ക് ചുറ്റുമിരുന്ന് നിക്ഷേപങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ വേഗത്തിൽ എടുക്കാൻ സാധിക്കും. കൂടാതെ ബോർഡിന്റെ ചുമതലകൾ ചട്ടങ്ങളിൽ നിന്ന് മാറ്റി 7 എ വകുപ്പിൽ 48 ക്ലോസുകളിലായി ആക്ടിൽ തന്നെ കൃത്യമായി ഉൾപ്പെടുത്തി വ്യക്തമായ നിയമപരമായ അടിത്തറ നൽകുന്നു.

ഭൂമി ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ 22 എ വകുപ്പ് പ്രകാരം സർക്കാരിന്റെ അധീനതയിലുള്ള ഭൂമി ഉൾപ്പെടുത്തി 'സംസ്ഥാന മാരിടൈം ലാൻഡ് ബാങ്ക്' രൂപീകരിക്കും. 103-ാം വകുപ്പ് പുനസ്ഥാപിച്ച് ഓരോ തുറമുഖത്തിനും തുറമുഖപ്രദേശ വികസന അതോരിറ്റിയുണ്ടാക്കുകയും, അവ തയ്യാറാക്കുന്ന സ്ഥലസംബന്ധമായ പ്ലാൻ നഗര-ഗ്രാമാസൂത്രണ നിയമപ്രകാരം വിജ്ഞാപനം ചെയ്യുകയും ചെയ്യും. തുറമുഖ വികസനം ഇനി ചിതറിയ ഭൂമിയിലല്ല, ആസൂത്രിത പ്രദേശത്തായിരിക്കും നടപ്പിലാക്കുക. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ആക്ടിലെ 22-ാം വകുപ്പ് ഭേദഗതി ചെയ്ത് പൊതു-സ്വകാര്യ പങ്കാളിത്ത (PPP) വ്യവസ്ഥ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. സർക്കാരിന്റെ അനുമതിയോടെ നിക്ഷേപം വിലയിരുത്തി 45 വർഷം വരെ കാലാവധി അനുവദിക്കാവുന്നതാണ്. സർക്കാരിന് പണണില്ലാത്ത സാഹചര്യത്തിൽ ഭൂമി ഓഹരിയായി നൽകിക്കൊണ്ടോ, ഗവൺമെന്റ് ടു ഗവൺമെന്റ് തലത്തിലോ, പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയോ, സിയാൽ മാതൃകയിലോ ഉള്ള സുതാര്യമായ സാമ്പത്തിക മാതൃകകളാണ് ഇതിനായി രൂപകൽപ്പന ചെയ്യുന്നത്. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് റിംഗ് റോഡിന് 3,200 കോടി രൂപ അനുവദിച്ചതുപോലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്റെ പിന്തുണയുണ്ടാകും.

ഈ പദ്ധതിയിലൂടെ കേരളത്തിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, അവിടെ ജോലി ചെയ്യാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ലോജിസ്റ്റിക്സ്, മാരിടൈം നിയമം, മാരിടൈം ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളിൽ കാലികമായ അക്കാദമിക് പ്രോഗ്രാമുകളും കോഴ്സുകളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ കോഴ്സുകൾ പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികൾക്കും കേരളത്തിൽ തന്നെ തൊഴിൽ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




Related articles

See all
Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

Popular News

എന്നും വിദ്യാർത്ഥികൾക്കൊപ്പം ;ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക...

Save your stories

Sign in