തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളിലെ മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. വ്യാഴാഴ്ച പത്തനംതിട്ടയിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മേഖലയില്‍ മൂന്ന് ചക്രവാതച്ചുഴികള്‍ സജീവമായി നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ലക്ഷദ്വീപിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലും, തീരദേശ കര്‍ണാടകയ്ക്ക് മുകളിലും, തെക്കന്‍ തമിഴ്നാടിന് മുകളിലുമായാണ് നിലവില്‍ ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നത്. ഇവയുടെ സ്വാധീനഫലമായി ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
മൂന്ന് ചക്രവാതച്ചുഴികള്‍; സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്