തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും മറ്റ് പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കുന്നതിനും സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനുമുള്ള കർശന നിർദ്ദേശം നൽകിയതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് ഔദ്യോഗിക സർക്കുലർ നൽകിയിട്ടുള്ളത്.
ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. വിഭാഗത്തിലെ ഡോക്ടർമാർക്ക് ലഭ്യമാക്കണം. ഇതിലൂടെ ആശുപത്രിയിൽ സ്റ്റോക്കുള്ള മരുന്നുകൾ തിരിച്ചറിഞ്ഞ് അവ രോഗികൾക്ക് നിർദ്ദേശിക്കാനും, മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം രോഗികൾ ബുദ്ധിമുട്ടുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൂടാതെ, ഡോക്ടർമാർ രോഗികൾക്ക് നൽകുന്ന കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും രേഖപ്പെടുത്തണമെന്ന് കർശന നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണക്കാർക്ക് വലിയ തോതിൽ ആശ്വാസം പകരുന്നതാണ് ആരോഗ്യവകുപ്പിന്റെ പുതിയ നടപടികൾ.
സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പുറത്തിറക്കി