ന്യൂഡല്‍ഹി: ലോക്ഭവന്‍ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന് കേരള ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂര്‍ നല്‍കിയ നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെ ഗവര്‍ണര്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത് കടന്നകൈയായിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം
സമ്മിശ്രമായ ഭക്ഷണ സംസ്‌കാരമുള്ള നാടാണ് കേരളമെന്നും, തീരദേശ സംസ്ഥാനമായ ഇവിടെ മത്സ്യസമ്പത്ത് ആവോളമുണ്ടെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മലയാളികള്‍ ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേര്‍പ്പെടുത്താനോ എന്ത് കഴിക്കണമെന്ന് നിര്‍ദ്ദേശം പുറപ്പെടുവിക്കാനോ ആരെയും അനുവദിക്കാനാകില്ല. എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കേണ്ട പദവിയിലിരിക്കുന്ന വ്യക്തി തന്നെ തന്റെ ഭക്ഷണരീതി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘപരിവാര്‍ അജണ്ടയെന്ന് വിമര്‍ശനം
ഈ നടപടി സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധ താത്പര്യങ്ങളുടെയും കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെയും ആദ്യഘട്ടമാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. ഗവര്‍ണറുടെ സ്വന്തം ഭക്ഷണക്രമം തുടരുന്നതില്‍ തടസ്സമില്ലെങ്കിലും, ജീവനക്കാരുള്ള രാജ്ഭവന്‍ അടുക്കള തന്റെ പ്രത്യേക താത്പര്യപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭക്ഷണത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്ന നിലയുണ്ടായതും ദാദ്രി അടക്കമുള്ള സംഭവങ്ങളും നമ്മുടെ മുന്നിലുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഭക്ഷണസ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്നും, അതിന് തടയിടുന്ന പ്രവൃത്തിയില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ വെജിറ്റേറിയന്‍ നിര്‍ദ്ദേശം കടന്നകൈ; ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് കെ.സി. വേണുഗോപാല്‍ എം.പി