തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടല്‍ പ്രതിഭാസത്തിനും ശക്തമായ തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 26 പുലര്‍ച്ചെ 2:30 മുതല്‍ സെപ്റ്റംബര്‍ 28 പുലര്‍ച്ചെ 2:30 വരെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ കടലാക്രമണത്തിനും വെള്ളം കയറാനും സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും, കൊല്ലത്ത് ആലപ്പാട് മുതല്‍ ഇടവ വരെയും, ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയുമുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശമുണ്ട്. കൂടാതെ എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂ മാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) എന്നീ ജില്ലകളിലെ നിര്‍ദ്ദിഷ്ട തീരപ്രദേശങ്ങളിലും കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി തീരങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പുണ്ട്.
കടലാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ കടലിലേക്ക് ഇറക്കുന്നതും തിരികെ കരക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമായതിനാല്‍ അത്തരം ശ്രമങ്ങളില്‍ നിന്ന് പിന്മാറണമെന്ന് അധികൃതര്‍ അറിയിച്ചു.
മത്സ്യബന്ധന യാനങ്ങളായ ബോട്ടുകളും വള്ളങ്ങളും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ യാനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാനും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ വരും ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണ്ട്രോള് റൂം അറിയിച്ചു.
കേരളത്തിലെ തീരദേശ ജില്ലകളില്‍ കള്ളക്കടല്‍ ജാഗ്രത: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
കടലാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.