കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മഞ്ഞക്കടലായിമാറിയ ആരാധകരുടെ ആവേശത്തിരയിളക്കത്തില്‍ മുംബൈ സിറ്റി എഫ്.സിയെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനിലയുമായി പിരിഞ്ഞു. ഇരുപകുതികളിലും ആധിപത്യം പുലര്‍ത്തി ഒട്ടനവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, ഫിനിഷിങ്ങിലെ പാളിച്ചകളാണ് മഞ്ഞപ്പടയ്ക്ക് വിജയമധുരം നിഷേധിച്ചത്. സീസണിലെ ആദ്യ സമനിലയോടെ നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. രണ്ട് പോയിന്റുള്ള മുംബൈ എട്ടാം സ്ഥാനത്താണുള്ളത്. ഒക്ടോബര്‍ 31-ന് ചെന്നൈയിന്‍ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ആവേശകരമായ ടിഫോയുമായി സ്റ്റേഡിയം നിറയെ ഒഴുകിയെത്തിയ മഞ്ഞപ്പടയുടെ പിന്തുണയോടെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ കളം നിറഞ്ഞുകളിച്ച മഞ്ഞപ്പട അഞ്ചാം മിനിറ്റില്‍ത്തന്നെ ഗോളിനടുത്തുവരെ എത്തി. മുഹമ്മദ് സനാന്റെ പാസില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ തൊടുത്ത ഹെഡര്‍ പക്ഷേ ലക്ഷ്യം കണ്ടില്ല. പത്താം മിനിറ്റില്‍ ഹോര്‍മിപാമും പതിനെട്ടാം മിനിറ്റില്‍ മുഹമ്മദ് സനാനും തൊടുത്ത ഷോട്ടുകള്‍ മുംബൈ ഗോള്‍മുഖത്ത് വിറയല്‍ തീര്‍ത്തെങ്കിലും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ മുംബൈയും കൗണ്ടര്‍ അറ്റാക്കുകളിലൂടെ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഇരച്ചെത്തിയെങ്കിലും ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്ങിന്റെ തകര്‍പ്പന്‍ സേവുകള്‍ ടീമിന് രക്ഷയായി.
രണ്ടാം പകുതിയില്‍ ഗോളിനായി പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്വുഡ് മലയാളി താരം ശ്രീക്കുട്ടന്‍, ആന്ദ്രെ ഗ്രീന്‍, എബിന്‍ ദാസ് തുടങ്ങിയവരെ കളത്തിലിറക്കി തന്ത്രങ്ങള്‍ മാറ്റിപ്പരീക്ഷിച്ചു. 62-ാം മിനിറ്റില്‍ ഫ്രെഡിയും കൊസോവിച്ചും ചേര്‍ന്ന് നടത്തിയ മുന്നേറ്റങ്ങളും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മുംബൈ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഉറച്ചുനിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധവും അമരീന്ദറും വഴങ്ങിയില്ല. തുടര്‍ന്ന് 89-ാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തുപോയ അഡ്രിയാന്‍ ലൂണയ്ക്ക് പകരം മലയാളി താരം വിബിന്‍ മോഹനന്‍ കളത്തിലിറങ്ങി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയം കാണാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല.
ആവേശം നിറഞ്ഞു, ഗോളില്ലാതെ പിരിഞ്ഞു; ബ്ലാസ്റ്റേഴ്‌സ് - മുംബൈ മത്സരം സമനിലയിൽ