പ്രധാനമായും നിയമനിർമാണത്തിനായി ചേർന്ന പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം സുപ്രധാനമായ ഒട്ടനവധി ബില്ലുകൾ പാസാക്കി ഇന്ന് സമാപിക്കും. സഭ പിരിയുന്ന ഇന്ന് വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകളും നടക്കും.
കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള ബിൽ ഇന്ന് സഭയിൽ അവതരിപ്പിച്ചേക്കും. അതേസമയം, കിഫ്ബിയിലെ അന്വേഷണ പ്രഖ്യാപനം അടക്കമുള്ള വിവിധ വിഷയം മുൻനിർത്തി പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ സാധ്യതയുണ്ട്. എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുനയൊടിക്കാൻ ഭരണപക്ഷം പൂർണ്ണമായി സജ്ജമാണ്.