ഉയര്‍ന്ന ദൈനംദിന ചെലവുകള്‍ കാരണം പല അംഗങ്ങളും വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തര്‍ക്കങ്ങളൊന്നുമില്ലാതെ ബില്‍ പാസാക്കിയ നടപടിയെ അഭിനന്ദിച്ചു. എം.എല്‍.എമാര്‍ക്ക് ഒരു പി.എയെക്കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ നിര്‍ദേശം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ബില്‍ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.
മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ബില്‍ സഭയിലെത്തിയത്. പരിഷ്‌കരിച്ച നിരക്കുകള്‍ പ്രകാരം എം.എല്‍.എമാരുടെ പ്രതിമാസ ആനുകൂല്യങ്ങള്‍ 70,000 രൂപയില്‍ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടെ ആനുകൂല്യം 1.08 ലക്ഷം രൂപയില്‍ നിന്ന് 1.33 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്.
ഇതിനുപുറമെ സാമാജികരുടെ മണ്ഡലം അലവന്‍സ്, യാത്രാബത്ത, ഇന്ധന കൂപ്പണ്‍ തുക എന്നിവയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. പലിശരഹിത വാഹന വായ്പാ പരിധിയും ഉയര്‍ത്താന്‍ തീരുമാനമായി.