പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി സഭയിലെത്തി വ്യക്തമായ വിശദീകരണം നൽകുന്നതുവരെ പ്രതിപക്ഷ പ്രതിഷേധം തുടരും. വിഷയത്തിൽ പ്രതിപക്ഷം ഏകോപിത നിലപാടോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യ ഭണ്ഡാരക്കൊള്ളയിൽ കേന്ദ്രത്തിന് മൗനം
അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാര കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. വിശ്വാസികൾ സമർപ്പിച്ച കാണിക്കപ്പണം ദുരുപയോഗം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും, പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആരോപിച്ചു.
എഫ്‌സിആർഎ ഭേദഗതിക്കും ഡീലിമിറ്റേഷനുമെതിരെ നിലപാട്
കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ (FCRA) ഭേദഗതി ബില്ലിനെതിരെയും കോൺഗ്രസ് ശക്തമായ എതിർപ്പ് ആവർത്തിച്ചു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ നിയമം ഒരു കാരണവശാലും അംഗീകരിക്കില്ല. ഒപ്പം, ഡീലിമിറ്റേഷൻ വിഷയത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെയും മറ്റ് ചില സംസ്ഥാനങ്ങളെയും പിന്നാക്കം നിർത്തുന്ന തരത്തിലുള്ള നീക്കങ്ങൾ തടയുമെന്നും രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയവും പ്രളയസഹായവും
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, "വി.ഡി. സതീശന്റെ ശൈലിയെ കുറിച്ച് പറയുന്നതാരാ... പഴയ മുഖ്യമന്ത്രിയല്ലേ..." എന്ന പരാമർശത്തിലൂടെ കെ.സി. വേണുഗോപാൽ പരിഹസിച്ചു. അതേസമയം, കനത്ത മഴക്കെടുതി നേരിടുന്ന കേരളത്തിലെ പ്രളയബാധിതർക്കായി കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.