വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ (SIR) പേരിൽ ബി.ജെ.പി. സർക്കാർ രാജ്യത്തെ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. പൗരന്മാരുടെ പ്രാഥമിക അവകാശമായ വോട്ടവകാശം സംരക്ഷിക്കുന്നതിനാണ് നവംബർ ഒന്നിന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിൽ മെഗാ റാലി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ സമരം കേവലം ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയുള്ളതല്ലെന്നും രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശവും ജനാധിപത്യ വ്യവസ്ഥയും വീണ്ടെടുക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ വൻ പ്രക്ഷോഭത്തിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.