തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സിലെ 'എം.എല്‍.എ' എന്ന വിശേഷണം നീക്കം ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. തിരിച്ചറിയല്‍ രേഖകളിലുള്ള പേര് മാത്രമേ ഡ്രൈവിംഗ് ലൈസന്‍സിലും പാടുള്ളൂ എന്ന ചട്ടം ലംഘിച്ചാണ് ഗണേഷ് കുമാര്‍ തന്റെ പേരിനൊപ്പം എം.എല്‍.എ എന്ന് ചേര്‍ത്തിരിക്കുന്നത്.
നിശ്ചിത കാലയളവിലേക്കുള്ള ഔദ്യോഗിക പദവികള്‍ ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള രേഖകളില്‍ ചേര്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. 2019-ല്‍ 'സാരഥി' സോഫ്റ്റ്വേര്‍ നിലവില്‍ വരുന്നതിന് മുന്‍പാണ് ലൈസന്‍സില്‍ ഇത്തരമൊരു മാറ്റം വരുത്തിയത്. ഗണേഷ് കുമാറിന്റെ ലൈസന്‍സിന് 2028 വരെ കാലാവധിയുണ്ടെങ്കിലും നിലവില്‍ അദ്ദേഹം നിയമസഭാംഗമല്ലാത്ത സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടും.
അതേസമയം 18 വയസ്സ് തികയുന്നതിന് മുന്‍പേ ഗണേഷ് കുമാര്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ക്രമക്കേട് സ്ഥിരീകരിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് വകുപ്പ് കടക്കും.
ഗണേഷ് കുമാറിന് കുരുക്ക്; ലൈസന്‍സിലെ 'എം.എല്‍.എ' വിശേഷണം നീക്കം ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ്