ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തി. ദേഹരണ വനമേഖലയില്‍ വെച്ചാണ് സംഭവം. കിഷ്ത്വാര്‍ മര്‍വാ മേഖലയില്‍ വെച്ച് ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ വ്യാഴാഴ്ച രാവിലെ ദച്ചന്‍ വനമേഖലയില്‍ നിന്നാണ് വെടിയേറ്റ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
45 കാരനായ രാശ്പാല്‍ സിംഗ്, 57 കാരനായ ബോബി ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ അംഗങ്ങളാണ്. ബസ്‌നാന്‍ പ്രദേശത്ത് വിന്യസിച്ചിരുന്ന ആര്‍മിയുടെ 17 രാഷ്ട്രീയ റൈഫിള്‍സ് സംഘത്തിന് പകരം ചുമതലയേല്‍ക്കാന്‍ പോകുന്നതിനിടയിലാണ് സംഭവം.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് വനമേഖലയില്‍ വെടിയൊച്ച കേട്ടത്. ഇതിനു തൊട്ടുപിന്നാലെ ഈ പ്രദേശത്തെ മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനങ്ങളും തടസ്സപ്പെട്ടിരുന്നു. രാത്രി 7 മണിയോടെ പോലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മണിയോടെ ആദ്യത്തെ മൃതദേഹവും 9 മണിയോടെ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. ഇരുവരുടെയും സേവന ആയുധങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഭീകരവാദികളാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശം വളഞ്ഞ സുരക്ഷാ സേന ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
കശ്മീരില്‍ കാണാതായ പൊലീസുകാര്‍ കൊല്ലപ്പെട്ടു; വെടിയേറ്റ നിലയില്‍ മൃതദേഹം; ഭീകരാക്രമണ സാധ്യത പരിശോധിച്ച് സേന