കോഴിക്കോട്: ജമ്മുകശ്മീരിലെ കാര്‍ഗിലില്‍ സൈനിക വാഹനാപകടത്തില്‍ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഹവില്‍ദാര്‍ എസ്.ആര്‍. അരുണ്‍ രാജിന് കണ്ണീരോടെ വിടചൊല്ലി നാട്. പെരുമ്പൊയിലിലെ വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ഇന്നലെ രാത്രി ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തിച്ച ഭൗതികദേഹം, റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ മിലിട്ടറി ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം, നാല് മണിയോടെ സ്വദേശമായ ചേളന്നൂരിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് രാവിലെ ആറുമണി മുതല്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികദേഹത്തില്‍ നാടൊട്ടുക്കുമുള്ള നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജനപ്രതിനിധികളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ജനവലിയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ കാര്‍ഗിലിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. രണ്ട് സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് 600 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അരുണ്‍ രാജും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനും സംഭവസ്ഥലത്തു വച്ചുതന്നെ വീരമൃത്യു വരിച്ചു. മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പില്‍ ഹവില്‍ദാറായി സേവനം അനുഷ്ഠിച്ചിരുന്ന അരുണ്‍ രാജ് കഴിഞ്ഞ 21 വര്‍ഷമായി സൈന്യത്തിന്റെ ഭാഗമാണ്. ഗുരുവായൂരപ്പന്‍ കോളേജില്‍ ബിരുദ പഠനം നടത്തുന്നതിനിടയിലാണ് അദ്ദേഹം സൈനിക സേവനത്തിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ ഓണത്തിനാണ് അരുണ്‍ രാജ് അവസാനമായി നാട്ടില്‍ വന്നുമടങ്ങിയത്. ഇക്കഴിഞ്ഞ നവംബര്‍ 3-നായിരുന്നു അരുണ്‍ രാജിന്റെ നാലപതാം പിറന്നാള്‍. പിറന്നാള്‍ ആഘോഷിച്ച് തൊട്ടടുത്ത ദിവസമാണ് രാജ്യത്തെ കണ്ണീരിലാഴ്ത്തിയ വീരമൃത്യുവിന്റെ വാര്‍ത്തയെത്തുന്നത്. രേഷ്മയാണ് ഭാര്യ. കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആദ്യ അരുണ്‍ ഏകമകളാണ്. അരുണ്‍ രാജിന്റെ അപ്രതീക്ഷിത വിയോഗം ഒരു നാടിനെയാകെ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികന്‍ അരുണ്‍ രാജിന് വിട നല്‍കി നാട്