തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച കരമന കൂടത്തില് കുടുംബത്തിലെ ജയമാധവന് നായരുടേതുള്പ്പെടെയുള്ള ദുരൂഹമരണങ്ങളില് വര്ഷങ്ങള്ക്ക് ശേഷം മുഖ്യപ്രതി അറസ്റ്റിലായി. കുടുംബത്തിലെ കാര്യസ്ഥനായിരുന്ന കരമന കാലടി കോവില്വിളാകം വീട്ടില് രവീന്ദ്രന് നായരെയാണ് (60) സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. പലതവണ പോലീസിന്റെ വലയത്തില് നിന്നും വിദഗ്ധമായി രക്ഷപ്പെട്ട ഇയാള്, ബ്രെയിന് മാപ്പിങ് പരിശോധനയുടെ ഫലത്തില് കൊലപാതകങ്ങളിലുള്ള പങ്ക് വ്യക്തമായതോടെയാണ് ഒടുവില് പിടിയിലായത്. പ്രതിയുടെ ബന്ധുവായ അനില്, സജു എന്നിവര്ക്കും കുറ്റകൃത്യങ്ങളില് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.
കോഴിക്കോട് കൂടത്തായി മാതൃകയിലുള്ള കൊലപാതക പരമ്പരകളെക്കുറിച്ചുള്ള സംശയങ്ങളെ തുടര്ന്നാണ് കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങളും ചര്ച്ചയായത്. 15 വര്ഷത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് ഈ കുടുംബത്തില് നടന്നത്. ഇതില് അവസാനം 2017-ല് നടന്ന ജയമാധവന് നായരുടെ കൊലപാതകത്തിലാണ് ഇപ്പോള് രവീന്ദ്രന് നായര് അറസ്റ്റിലായിരിക്കുന്നത്. കൂടത്തില് തറവാട്ടിലെ കോടികളുടെ സ്വത്തിന് അനന്തരാവകാശികളാകേണ്ട ഗോപിനാഥന് നായരുടെയടക്കം ദുരൂഹ മരണങ്ങള് വലിയ സംശയങ്ങള്ക്കിടയാക്കിയിരുന്നു. ഇവര്ക്ക് അവകാശമുണ്ടായിരുന്ന സ്വത്തുക്കള് ഇഷ്ടദാനമെന്ന പേരിലും വ്യാജ വില്പ്പത്രങ്ങളിലൂടെയും കാര്യസ്ഥന് രവീന്ദ്രന് നായരും ബന്ധുക്കളും ചേര്ന്ന് കൈക്കലാക്കുകയായിരുന്നു. അവിവാഹിതനായ ജയമാധവന് നായര് വിവാഹം കഴിക്കാന് തീരുമാനിച്ചാല് സ്വത്തവകാശികള് മാറും എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്.
2017 ഏപ്രില് രണ്ടിന് ജയമാധവന് നായരെ ബോധരഹിതനായ നിലയില് കണ്ടെത്തിയെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നുമായിരുന്നു രവീന്ദ്രന് നായരുടെ മൊഴി. എന്നാല് ആശുപത്രിയിലെത്തിച്ച കാറില് രക്തക്കറ കണ്ടെത്തുകയും ഫൊറന്സിക് പരിശോധനയില് മരണം കൊലപാതകമാണെന്ന് വ്യക്തമാവുകയും ചെയ്തു. തുടക്കത്തില് കരമന പോലീസ് അന്വേഷണത്തില് വീഴ്ച വരുത്തിയെങ്കിലും, 2019-ല് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് അന്വേഷണം വഴിമാറിയത്. വ്യാജ വില്പ്പത്രങ്ങളും ഒപ്പുകളിലെ ക്രമക്കേടുകളും ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കാന് കഴിഞ്ഞു. ചോദ്യംചെയ്യലില് കുറ്റം സമ്മതിക്കാന് തയ്യാറാകാതിരുന്ന രവീന്ദ്രന് നായരെ സിറ്റി പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ബ്രെയിന് മാപ്പിങ് പരിശോധനാ ഫലം കാണിച്ചതോടെയാണ് ഒടുവില് ഇയാള് കുറ്റം സമ്മതിച്ചത്.
15 വര്ഷം, 7 മരണങ്ങള്; കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങളില് നിര്ണായക വഴിതിരിവ്; കാര്യസ്ഥന് അറസ്റ്റിൽ