ആലുവ: കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചു. ദീര്‍ഘദൂര യാത്രക്കാരുടെയും പ്രത്യേകിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എത്തുന്നവരുടെയും സൗകര്യാര്‍ത്ഥം പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പ്.
മേയ് 22 മുതല്‍ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്നുള്ള ട്രെയിന്‍ രാവിലെ 8.48-നും, തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ വൈകിട്ട് 7.19-നും ആലുവയിലെത്തും.
കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12081 ജന്‍ശതാബ്ദി എക്‌സ്പ്രസ് രാവിലെ 08.48-ന് ആലുവയിലെത്തി രണ്ട് മിനിറ്റിലെ സ്റ്റോപ്പിന് ശേഷം 08.50-ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. മറുദിശയില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12082 ജന്‍ശതാബ്ദി എക്‌സ്പ്രസ് വൈകീട്ട് 07.19-ന് ആലുവയിലെത്തുകയും 07.21-ന് കണ്ണൂരിലേക്ക് സര്‍വീസ് തുടരുകയും ചെയ്യും.