കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഇതോടെ നവംബര്‍ 4-ന് ആരംഭിക്കുന്ന പരീക്ഷകളില്‍ പങ്കെടുക്കാന്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കില്ല. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹാജരില്ലെന്നും, മതിയായ അറ്റന്‍ഡന്‍സ് ഇല്ലാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നുമുള്ള വി.സിയുടെ നിലപാട് കോടതി ശരിവെയ്ക്കുകയായിരുന്നു.
പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു സര്‍വകലാശാലയോട് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നത്. സര്‍വകലാശാലയില്‍ സമരം നടത്തിയതിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ 16 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ 63 ദിവസമായി സസ്പെന്‍ഷനില്‍ കഴിയുന്നത്. ഈ ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.
അപ്പീല്‍ നല്‍കിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജരില്ലെന്നും, സൂപ്പര്‍ ഫൈന്‍ അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇതിനകം അവസാനിച്ചുവെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. വി.സിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്നത് സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷത്തെയും അന്വേഷണത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
കാലടി സര്‍വകലാശാല കേസ്: സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ലെന്ന് ഹൈക്കോടതി