കൊച്ചി: കാക്കനാട്ട് ഐടി ജീവനക്കാരിയായ യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിനെതിരെ നടപടി. ഇന്‍ഫോപാര്‍ക്ക്-മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'മലയില്‍' എന്ന ബസിന്റെ പെര്‍മിറ്റ് മോട്ടോര്‍ വാഹന വകുപ്പ് 10 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച മുതലാണ് പെര്‍മിറ്റ് സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് തൃശ്ശൂര്‍ സ്വദേശിനിയും ഇന്‍ഫോപാര്‍ക്കിലെ ഐടി ജീവനക്കാരിയുമായ അക്ഷര (29) ദാരുണമായി കൊല്ലപ്പെട്ടത്. ജിമ്മിലെ വ്യായാമത്തിന് ശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്ന അക്ഷരയെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഈ അപകടവുമായി ബന്ധപ്പെട്ട നിയമനടപടികളും ബസിനെതിരെ തുടരുന്നുണ്ട്.
അതിനിടെ, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഡ്രൈവറെ ബസില്‍ നിയമിച്ചതെന്ന് അധികൃതര്‍ കണ്ടെത്തി. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ സി.കെ. ബിനോയ് ലഹരിമരുന്ന് ഇടപാടുകള്‍, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കാക്കനാട് ബസിടിച്ച് യുവതി മരിച്ച സംഭവം: സ്വകാര്യ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു; ഡ്രൈവർ ലഹരി കേസുകളിൽ പ്രതി