കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായ വിജയത്തിന് പിന്നാലെ കോഴിക്കോട്ടെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് യു.ഡി.എഫ് ഇത്ര വലിയ മുന്നേറ്റം നടത്തുന്നതെന്നും ഇത് കൃത്യമായ ആസൂത്രണത്തിന്റെയും ടീം വര്‍ക്കിന്റെയും ഫലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള വിഭാഗീയതയും ഉണ്ടായില്ല. നേതാക്കളുടെ കൂട്ടായ്മയും കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പാര്‍ട്ടികള്‍ തമ്മിലുള്ള മികച്ച ഏകോപനവും വിജയത്തിലേക്ക് വഴിതെളിച്ചു. ഈ ചരിത്ര വിജയം കോഴിക്കോട്ടെ പൊതുസമൂഹത്തിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുമെന്ന് പ്രവീണ്‍ കുമാര്‍ ഉറപ്പുനല്‍കി. 'മലബാറിനെ അവഗണിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല. എല്ലാവരെയും ചേര്‍ത്തുപിടിച്ച് സമഗ്രമായ വികസനം സാധ്യമാക്കും,' അദ്ദേഹം പറഞ്ഞു.
ബേപ്പൂരിലുണ്ടായ പരാജയത്തെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. ഇതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നും പരാജയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് നിമിഷവും ഡി.സി.സി. പ്രസിഡന്റ് സ്ഥാനം അഭിമാനത്തോടെ ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ കാലാവധിയിലെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
'കോഴിക്കോട് ചരിത്ര വിജയം; മലബാറിനെ ഇനി അവഗണിക്കാന്‍ അനുവദിക്കില്ല': കെ. പ്രവീണ്‍ കുമാര്