മുസാഫര്‍നഗര്‍: വളരെ കുറഞ്ഞ കാലയളവില്‍ റെക്കോര്‍ഡ് വധശിക്ഷാവിധികളിലൂടെ ശ്രദ്ധേയനായ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി രവികുമാര്‍ ദിവാകറിന് സ്ഥലംമാറ്റം. കുടുംബ കോടതിയിലേക്കാണ് അദ്ദേഹത്തെ അലഹാബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരം മാറ്റി നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തിനിടെ 11 കേസുകളിലായി 23 പ്രതികള്‍ക്കാണ് രവികുമാര്‍ ദിവാകര്‍ വധശിക്ഷ വിധിച്ചത്. തുടര്‍ന്ന്, കൊലപാതകം ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടന്ന നൂറോളം കേസ് ഫയലുകള്‍ ജില്ലാ സെഷന്‍സ് ജഡ്ജി ബി.കെ. സിങ്ങിന്റെ പ്രത്യേക ഉത്തരവിലൂടെ മാറ്റിയത് ഉത്തര്‍പ്രദേശ് നിയമവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
നേരത്തെ വാരാണസിയിലെ ഏറെ വിവാദമായ ഗ്യാന്‍വാപി മസ്ജിദില്‍ വീഡിയോ സര്‍വേ നടത്താന്‍ ഉത്തരവിട്ടതിലൂടെയും വാര്‍ത്തകളില്‍ ഇടംനേടിയ ന്യായാധിപനാണ് ജഡ്ജി രവികുമാര്‍ ദിവാകര്‍.
ആറുമാസത്തിനിടെ 23 പേര്‍ക്ക് വധശിക്ഷ; ജഡ്ജി രവികുമാര്‍ ദിവാകറിനെ കുടുംബ കോടതിയിലേക്ക് മാറ്റി