ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി നാലാം ഇന്നിങ്‌സില്‍ 2,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന അപൂര്‍വ നേട്ടമാണ് താരം സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നാണ് റൂട്ട് ഈ ചരിത്ര നേട്ടത്തില്‍ എത്തിയത്. മത്സരത്തില്‍ 69 പന്തില്‍ 8 ഫോറുകളടക്കം 62 റണ്‍സാണ് താരം അടിച്ചെടുത്തത്.
പിച്ച് ബാറ്റിങ്ങിന് ദുഷ്‌കരമാകുന്ന നാലാം ഇന്നിങ്‌സില്‍ നിലവില്‍ 2,059 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. നാലാം ഇന്നിങ്‌സില്‍ റൂട്ടിന് പിന്നിലുള്ള മറ്റൊരു താരവും 1,700 റണ്‍സിന് മുകളില്‍ നേടിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1,625), അലിസ്റ്റര്‍ കുക്ക് (1,611), ഗ്രെയിം സ്മിത്ത് (1,611), ശിവ്‌നരയന്‍ ചന്ദര്‍പോള്‍ (1,580) എന്നിവരാണ് ഈ പട്ടികയില്‍ റൂട്ടിന് പിന്നിലുള്ളത്.
പാകിസ്ഥാനെതിരായ രണ്ടാം ഇന്നിങ്‌സിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും റൂട്ട് മറികടന്നു. സച്ചിന്റെ 68 അര്‍ധ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് മറികടന്ന റൂട്ടിന്റെ ക്രീസിലെ 69-ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയായിരുന്നു ഇത്.
ഇതിനുപുറമെ എഡ്ജ്ബാസ്റ്റണില്‍ 1,000 റണ്‍സില്‍ കൂടുതല്‍ തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തമാക്കി. ലോര്‍ഡ്‌സ് (2,203), മാഞ്ചസ്റ്റര്‍ (1,128), ഓവല്‍ (1,050) എന്നിവയ്ക്ക് ശേഷം ഇംഗ്ലണ്ടിലെ നാല് വ്യത്യസ്ത ടെസ്റ്റ് വേദികളില്‍ 1,000-ത്തിലധികം റണ്‍സ് തികയ്ക്കുന്ന അപൂര്‍വ്വ താരമായും റൂട്ട് മാറി.
എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 130 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, ജോ റൂട്ടിന്റെ മിന്നുന്ന പ്രകടനത്തോടെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു. 8 വിക്കറ്റിന്റെ ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-0ത്തിന് തൂത്തുവാരി.
ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; അപൂര്‍വ്വ നേട്ടത്തില്‍ ജോ റൂട്ട്