ന്യൂഡല്ഹി: ജന്തര്മന്തറില് ദേശീയപതാക ഉയര്ത്തിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ച് കോക്രോച്ച് സി.ജെ.പി ആഹ്വാനം ചെയ്ത 'തിരംഗമാര്ച്ച്' ഇന്ന് നടക്കും. കൊണാട് പ്ലേസിലെ സെന്ട്രല് പാര്ക്കില് വൈകീട്ട് അഞ്ചിന് ദേശീയപതാകയേന്തി 'ലെഹ്റാ ദോ തിരംഗ' എന്ന പേരില് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണ് പാര്ട്ടി ആഹ്വാനം നല്കിയിരിക്കുന്നത്. ഡല്ഹിയിലെത്താന് സാധിക്കാത്തവര് അതത് സ്ഥലങ്ങളില് തിരംഗ റാലികള് സംഘടിപ്പിക്കണമെന്ന് സി.ജെ.പി. സ്ഥാപകന് അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വലിയ തിരക്ക് അനുഭവപ്പെടുന്ന കൊണാട് പ്ലേസില് പ്രതിഷേധ സമരം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്ജി ഡല്ഹി ഹൈക്കോടതി തള്ളി. ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിന് വസുദേവ് സാംബ്രെ അധ്യക്ഷനായ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. സമരം തടയാന് പോലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പുനല്കിയ പശ്ചാത്തലത്തിലാണ് കോടതി ഇടപെടാന് വിസമ്മതിച്ചത്. സര്ക്കാര് ജന്തര്മന്തറിനെ പ്രതിഷേധ കേന്ദ്രമല്ലാതാക്കി മാറ്റിയപ്പോള് ഇതില് കൂടുതല് എന്ത് പ്രതീക്ഷിച്ചുവെന്നും ഹര്ജി പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില് വെള്ളിയാഴ്ചയും ശനിയാഴ്ചയും കൊണാട് പ്ലേസിലെ സെന്ട്രല് പാര്ക്ക് പൂര്ണ്ണമായും അടച്ചിടുമെന്ന് ന്യൂഡല്ഹി മുനിസിപ്പല് കൗണ്സില് പ്രഖ്യാപിച്ചു. പ്രദേശത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാല് വലിയ രീതിയിലുള്ള സംഘംചേരലുകള് അനുവദിക്കില്ലെന്ന് ഡല്ഹി പോലീസ് വ്യക്തമാക്കി.
അതേസമയം, ചെറിയ സംഘങ്ങള്ക്ക് ഉചിതമായ സ്ഥലത്ത് ദേശീയപതാക വീശാനും ദേശീയഗാനം ആലപിക്കാനും അനുമതി നല്കുന്നത് പരിഗണിക്കാമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ദേശീയപതാകയും ദേശീയഗാനവുമായി ബന്ധപ്പെട്ട ചട്ടങ്ങള് കൃത്യമായി പാലിക്കണമെന്നും, നിയമലംഘനമുണ്ടായാല് കര്ശന നടപടി സ്വീകരിക്കുമെന്നും അധികൃതര് മുന്നറിയിപ്പ് നല്കി.
ജന്തര്മന്തര് അറസ്റ്റില് പ്രതിഷേധം: കൊണാട് പ്ലേസില് തിരംഗമാര്ച്ച് ഇന്ന്; സെന്ട്രല് പാര്ക്ക് അടച്ചു, കനത്ത ജാഗ്രതയില് ഡല്ഹി പോലീസ്