ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ചൈനീസ് നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചൈനയോടുള്ള കേന്ദ്രത്തിന്റെ സമീപനം ആസൂത്രിതമായ കീഴടങ്ങലാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷാ-സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ബലികഴിച്ചാണ് സര്‍ക്കാര്‍ ചൈനയ്ക്ക് മുന്നില്‍ നയം വ്യക്തമാക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
2020 ജൂണ്‍ 19-ന് ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ഇന്ത്യയുടെ നയതന്ത്ര നിലപാടുകള്‍ക്ക് തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു. പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനിക സഹകരണത്തെക്കുറിച്ചും അതിര്‍ത്തിയിലെ ഭീഷണികളെക്കുറിച്ചും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും, ചൈനയെ ഭീകരവാദത്തിന്റെ ഇരയായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ ലഡാക്കിലെ പരമ്പരാഗത പട്രോളിംഗ് മേഖലകളിലെ ഇന്ത്യയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയാണ്. അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കൈയേറ്റങ്ങളെയും സ്ഥലങ്ങളുടെ പേരുമാറ്റലിനെയും സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല. ബ്രഹ്‌മപുത്ര നദിയില്‍ ചൈന നടപ്പിലാക്കുന്ന കൂറ്റന്‍ ജലവൈദ്യുത പദ്ധതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജലസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ചൈനീസ് നയത്തില്‍ കേന്ദ്രത്തിന് വിട്ടുവീഴ്ച; മോദി-ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്