സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത റെക്കോർഡ് ചിത്രം 'ജയിലർ 2' ആഗോള റിലീസിനെത്തി. കേരളത്തിൽ സർക്കാൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് ചിത്രം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം 800 സ്ക്രീനുകളിലായി 4000-ലധികം ഷോകളാണ് ആദ്യ ദിനമായ ഇന്ന് മാത്രം കളിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് ചരിത്രപരമായ പ്രതികരണമാണ് കേരളത്തിൽ നിന്നും ലഭിച്ചത്. പ്രീസെയിൽസിലൂടെ മാത്രം ചിത്രം 8 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ തുടങ്ങിയ ആപ്പുകളിൽ ട്രെൻഡിങ് ആയ ചിത്രത്തിന്റെ ആദ്യ ദിനത്തിലെ മുഴുവൻ ഷോകളും പല കേന്ദ്രങ്ങളിലും ഇതിനോടകം ഫുൾ ആയിക്കഴിഞ്ഞു. തൃശൂർ രാഗം ഉൾപ്പെടെയുള്ള സ്ക്രീനുകളിൽ 24 മണിക്കൂർ മാരത്തോൺ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് ഡിമാൻഡ് വർധിച്ചതിനെ തുടർന്ന് കൂടുതൽ പ്രദർശനങ്ങൾ കൂടി ഉൾപ്പെടുത്തുന്നുണ്ട്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ജയിലറി'ന്റെ തുടർച്ചയായി എത്തുന്ന ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും കസറുകയാണ്. മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലോ പ്രധാന വേഷത്തിലോ എത്തുന്നുണ്ടെന്ന സൂചനയും മലയാളികൾക്കിടയിൽ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. ശിവ രാജ്കുമാർ, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്ററുകളിൽ