ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ അധികാരപ്പോരില്‍ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. തിരഞ്ഞെടുപ്പ് നടപടികളില്‍ വീണ്ടും തര്‍ക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നുവരുന്നതില്‍ കടുത്ത നിരാശയെന്ന് ഐ.ഒ.സി വ്യക്തമാക്കിയതായി ഒരു സ്പോര്‍ട്സ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം റിപ്പോര്‍ട്ട് ചെയ്തു. ഒളിമ്പിക് ചാര്‍ട്ടറിനും നല്ല ഭരണനിര്‍വഹണ തത്വങ്ങള്‍ക്കും അനുസൃതമായി ഐ.ഒ.എയില്‍ ശക്തമായ ഭരണസംവിധാനം ഉറപ്പാക്കാന്‍ വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങള്‍ക്കിടയിലും പഴയ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നാണ് ഐ.ഒ.സിയുടെ വിമര്‍ശനം. ഇത് ഇന്ത്യന്‍ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തെയും അന്തസ്സിനെയും പ്രതികൂലമായി ബാധിക്കുന്ന അത്യന്തം ഖേദകരമായ സാഹചര്യമാണെന്നും ഐ.ഒ.സി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടപടികള്‍ ഒളിമ്പിക് ചാര്‍ട്ടറിനും ഐ.ഒ.എ ഭരണഘടനയ്ക്കും പൂര്‍ണമായി അനുസൃതമായിരിക്കണം. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണം. ബാഹ്യ ഇടപെടലുകള്‍ പാടില്ലെന്നും ഐ.ഒ.എയ്ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഐ.ഒ.സി നിര്‍ദേശം നല്‍കി. പി.ടി. ഉഷയുടെ തിരഞ്ഞെടുപ്പ് പരാജയവും പിന്നാലെയുള്ള പരാതികളും ഐസ് ഹോക്കി ഫെഡറേഷന്‍ വഴിയുള്ള തിരിച്ചുവരവും വിവാദം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കിടെയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരസ്യ വിമര്‍ശനം എന്നതും ശ്രദ്ധേയം.
ഇന്ത്യ 2036 ഒളിമ്പിക്സിന് വേദിയാകാന്‍ ശ്രമിക്കുമ്പോള്‍ ഐ.ഒ.എയിലെ ആഭ്യന്തര അധികാരപ്പോരും തിരഞ്ഞെടുപ്പ് വിവാദങ്ങളും രാജ്യത്തിന്റെ ഒളിമ്പിക് സ്വപ്നത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്കയും സജീവമായി. അതേസമയം പി.ടി. ഉഷയുടെ തിരിച്ചുവരവ് എതിര്‍ചേരിയെ അമ്പരപ്പിച്ചിരിക്കുകയാണ്. എസ് ഒ എം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പി ടി ഉഷയെ ജനറല്‍ അസംബ്ളിയില്‍ എത്തിച്ച ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നീക്കം അപ്രതീക്ഷിതമായി. സ്പോര്‍ട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിംഗ് മെറിറ്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഭരണ സമിതിയിലേക്ക് എത്താന്‍ ഉഷയ്ക്ക് മുന്നിലുള്ള ഏക വഴി ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധിയാവുക എന്നതായിരുന്നു. അതിനിടെ കായിക സംഘടന പ്രതിനിധി നാമനിര്‍ദേശത്തോട് എതിര്‍പ്പ് ഉണ്ടെങ്കില്‍ ഇന്ന് അറിയിക്കാം. ഐസ് ഹോക്കി ഫെഡറേഷനെതിരെ പ്രത്യക്ഷത്തില്‍ പരാതി വരുമോയെന്ന് നോക്കുകയാണ് സംഘടനകള്‍.