ന്യൂഡൽഹി: ഇന്ത്യയുടെ പ്രമുഖ പാരാ അത്‌ലറ്റും മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ നീരജ് യാദവിനെ (42) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഡൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യൻ പാരാ അത്ലറ്റിക്സ് പരിശീലകൻ എസ്. സത്യനാരായണയാണ് മരണം സ്ഥിരീകരിച്ചത്. പാരലിമ്പിക് ചാമ്പ്യൻ സുമിത് ആന്റിൽ, സഹ അത്ലറ്റ് വിപിൻ കസാന എന്നിവർ നിലവിൽ ആശുപത്രിയിലുണ്ട്.
ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ലഭിച്ച വിലക്കിൽ നീരജ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023 ഒക്ടോബറിൽ ബെംഗളൂരുവിലെ നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസി (NADA) ശേഖരിച്ച സാമ്പിളിൽ 'സ്റ്റാനോസോലോൾ' എന്ന അനാബോളിക് സ്റ്റിറോയിഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് 2024-ൽ സസ്‌പെൻഷനിലായ അദ്ദേഹത്തിന് അടുത്തിടെ നടന്ന ഐച്ചി-നാഗോയ ഏഷ്യൻ പാരാ ഗെയിംസ് നഷ്ടമായിരുന്നു.
ഏഴാം വയസ്സിൽ 'പോസ്റ്റ്-പോളിയോ റെസിഡ്യുവൽ പാരാലിസിസ്' ബാധിച്ച ഉത്തർപ്രദേശ് സ്വദേശിയായ നീരജ്, എഫ്55 (Seated Throwing) വിഭാഗത്തിലാണ് മത്സരിച്ചിരുന്നത്. 2018 ജക്കാർത്ത ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോയിലും, 2022 ഹാങ്ചൗ ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ, ഡിസ്‌കസ് ത്രോ ഇനങ്ങളിലും അദ്ദേഹം ഇന്ത്യക്കായി സ്വർണം നേടി. പാരാ അത്ലറ്റിക്‌സിലേക്ക് എത്തുന്നതിന് മുൻപ് 2005 മുതൽ 2012 വരെ വീൽചെയർ ടെന്നീസ് താരമായും അദ്ദേഹം തിളങ്ങിയിരുന്നു.
മരണത്തിൽ പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കായികതാരങ്ങൾ ജീവിതത്തിലെ പ്രതിസന്ധികളെ സമചിത്തതയോടെ നേരിടണമെന്നും നീരജ് ഇത്തരമൊരു തീവ്രമായ തീരുമാനമെടുത്തത് ഏറെ ദൗർഭാഗ്യകരമാണെന്നും പരിശീലകൻ സത്യനാരായണ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ പാരാ അത്‌ലറ്റ് നീരജ് യാദവ് വസതിയിൽ മരിച്ച നിലയിൽ