കൊളംബിയ (ബൊഗോട്ട): ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് നേരെ ബി.ജെ.പി. സര്‍ക്കാര്‍ ആക്രമണം നടത്തുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുന്നത് ഇന്ത്യ നിലവില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊളംബിയയിലെ ഇ.ഐ.എ. യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനും ആര്‍.എസ്.എസിനുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.
'ഇന്ത്യയില്‍ വിവിധ മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളും ഉണ്ട്. അതിനാല്‍, എല്ലാവര്‍ക്കും അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടം നല്‍കുന്ന ജനാധിപത്യ സംവിധാനമാണ് രാജ്യത്തിന് ഏറ്റവും അനുയോജ്യം. എന്നാല്‍, നിലവില്‍ ഈ സുപ്രധാന സംവിധാനത്തിന് നേരെയാണ് മൊത്തത്തിലുള്ള ആക്രമണം നടക്കുന്നത്. ഇതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി,' അദ്ദേഹം പറഞ്ഞു.
അടിച്ചമര്‍ത്തലിലൂടെ സ്വേച്ഛാധിപത്യ ഭരണം നടത്തുന്ന ചൈനയുടെ മാതൃക ഇന്ത്യക്ക് സ്വീകരിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങള്‍ തഴച്ചുവളരാന്‍ അവസരം നല്‍കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസ്.-ബി.ജെ.പി.യുടെ പ്രത്യയശാസ്ത്രത്തിന്റെ കാതല്‍ 'ഭീരുത്വമാണ്' എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ദുര്‍ബലരെ ആക്രമിക്കുകയും ശക്തരില്‍ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നതാണ് ഈ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക നയങ്ങളായ നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി. എന്നിവ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഈ നയങ്ങള്‍ വന്‍കിട കുത്തകകള്‍ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം നിയന്ത്രിക്കാന്‍ അവസരം നല്‍കി. പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള മൂന്നോ നാലോ ബിസിനസ്സ് ഗ്രൂപ്പുകള്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം കയ്യടക്കുകയാണെന്നും കേന്ദ്രീകൃത തലത്തില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.