വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മിന്നും പ്രകടനം. വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനെ 41 ഓവറില്‍ വെറും 134 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഗുര്‍നൂര്‍ ബ്രാറാണ് കിവീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
മഴ കാരണം മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ടിം സെയ്ഫേര്‍ട്ടിനെ പുറത്താക്കി ആഖ്വിബ് നബിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അന്താരാഷ്ട്ര തലത്തില്‍ ആഖ്വിബിന്റെ ആദ്യ വിക്കറ്റാണിത്. തൊട്ടുപിന്നാലെ വില്‍ യങ്ങിനെയും (6) ആഖ്വിബ് മടക്കി അയച്ചു. ഹെന്‍ട്രി നിക്കോള്‍സിനെ (11) അന്‍ഷുല്‍ കാംബോജും വീഴ്ത്തിയതോടെ ന്യൂസീലന്‍ഡ് തുടക്കത്തില്‍ തന്നെ തകര്‍ച്ചയിലായി.
തുടര്‍ന്ന് ക്രീസിലൊന്നിച്ച ഡാരില്‍ മിച്ചല്‍ ഒരറ്റത്ത് ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണുകൊണ്ടിരുന്നു. ക്യാപ്റ്റന്‍ ടോം ലാഥം (7), ഗ്ലെന്‍ ഫിലിപ്സ് (0) എന്നിവര്‍ വേഗത്തില്‍ മടങ്ങി. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍ - മിച്ചല്‍ സാന്റ്‌നര്‍ സഖ്യം 59 റണ്‍ കൂട്ടിച്ചേര്‍ത്ത് സ്‌കോര്‍ 100 കടത്തി. എന്നാല്‍ 55 റണ്‍സെടുത്ത മിച്ചലിനെ പുറത്താക്കി അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി.
സാന്റ്‌നര്‍ 31 റണ്‍സെടുത്ത് പുറത്തായി. വാലറ്റത്ത് നഥാന്‍ സ്മിത്ത് (3), കെയ്ല്‍ ജമൈസണ്‍ (7), ബ്ലെയ്ര്‍ ടിക്ക്നര്‍ (2) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യക്ക് വേണ്ടി ഗുര്‍നൂര്‍ ബ്രാര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആഖ്വിബ് നബി, അന്‍ഷുല്‍ കാംബോജ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നല്‍കി.
ഗുര്‍നൂര്‍ ബ്രാറിന് 4 വിക്കറ്റ്; കിവീസിനെ 134 റണ്‍സിന് എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാർ