Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചോരയും നീരും നല്‍കിയ സ്വാതന്ത്ര്യം: ഇന്ത്യ എണ്‍പതാം സ്വാതന്ത്ര്യദിന നിറവില്

ചോരയും നീരും നല്‍കിയ സ്വാതന്ത്ര്യം: ഇന്ത്യ എണ്‍പതാം സ്വാതന്ത്ര്യദിന നിറവില്

1947 ഓഗസ്റ്റ് 15. അര്‍ദ്ധരാത്രിയില്‍ ലോകം ഉറങ്ങിക്കിടക്കുമ്പോള്‍, ഇന്ത്യ പുതുയുഗത്തിന്റെ പ്രകാശത്തിലേക്ക് ഉണരുകയായിരുന്നു. അത് കേവലം ഒരു ഭരണമാറ്റമായിരുന്നില്ല; മറിച്ച് നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ വിമോചന പ്രഖ്യാപനമായിരുന്നു. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ന്നു പറന്നപ്പോള്‍, അവിടെ പിറന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ചരിത്രമായിരുന്നു.

ചെങ്കോട്ടയുടെ ഗോപുരങ്ങളില്‍ ത്രിവര്‍ണ്ണ പതാക വാനോളമുയരുമ്പോള്‍, ചരിത്രത്തിന്റെ ആവേശകരമായ താളുകള്‍ നമ്മുടെ മുന്നില്‍ വീണ്ടും തുറക്കപ്പെടുകയാണ്. സ്വാതന്ത്ര്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ച ആ ധീരരുടെ ആരവം ഇന്നും ഭാരതത്തിന്റെ കാറ്റില്‍ മുഴങ്ങുന്നുണ്ട്. അഹിംസയെ പടവാളാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച മഹാത്മാഗാന്ധി മുതല്‍, വിപ്ലവത്തിന്റെ കനലുകള്‍ നെഞ്ചിലേറ്റി തൂക്കുമരത്തെ പുഞ്ചിരിയോടെ വരവേറ്റ ഭഗത് സിംഗ് വരെ... അവരുടെ ചോരയും നീരും വീണ മണ്ണിലാണ് നാം ഇന്ന് സ്വതന്ത്രമായി ശ്വസിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയൊമ്പതാം വാര്‍ഷികത്തില്‍ നാം നില്‍ക്കുമ്പോള്‍, ആ ധീരസ്മരണകള്‍ ഓരോ ഇന്ത്യക്കാരന്റെയും സിരകളില്‍ അഭിമാനമായി പടരുന്നു.

അടിമത്തത്തിന്റെ ആ ഇരുണ്ട നാളുകള്‍ ഭയാനകമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഇന്ത്യ കൊടിയ ചൂഷണത്തിനാണ് ഇരയായത്. അമിതമായ നികുതി ഭാരത്താല്‍ കര്‍ഷകരുടെ നട്ടെല്ലൊടിഞ്ഞു. ഇന്ത്യയുടെ അഭിമാനമായിരുന്ന കൈത്തറി വ്യവസായം തകര്‍ക്കപ്പെട്ടു, ലക്ഷക്കണക്കിന് തൊഴിലാളികള്‍ വഴിയാധാരമായി. പട്ടിണിയും ദാരിദ്ര്യവും രാജ്യത്തെ വരിഞ്ഞുമുറുക്കിയപ്പോള്‍, സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. സാമൂഹികമായ വിവേചനങ്ങളും അസമത്വങ്ങളും ജനതയെ കൂടുതല്‍ ദുര്‍ബലമാക്കിയപ്പോള്‍ കോണ്‍ഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തിലൂടെയാണ് ആ തടവറയില്‍ നിന്നുള്ള മോചനം നേടിയത് .

സ്വാതന്ത്ര്യം എന്നത് കേവലം വിദേശ ഭരണാധികാരികളുടെ പടിയിറക്കമല്ല. അത് ജനാധിപത്യം, സമത്വം, മതനിരപേക്ഷത, സാഹോദര്യം എന്നീ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ പുലരി കണ്ടിട്ട് ഇന്ന് എട്ടു പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഈ അഭിമാന നിമിഷത്തില്‍ ഓരോ സ്വാതന്ത്ര്യദിനവും നമ്മോട് ഒരു ചോദ്യം ബാക്കിവെക്കുന്നുണ്ട്  'നമ്മുടെ പൂര്‍വ്വികര്‍ ജീവന്‍ നല്‍കി നേടിയെടുത്ത ആ സ്വപ്നഭാരതത്തെ, അതിന്റെ എല്ലാ വിശുദ്ധിയോടെയും കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ?' പോരാളികളുടെ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട്, ഒരു നവഭാരത നിര്‍മ്മിതിക്കായി നമുക്ക് കൈകോര്‍ക്കാം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍!

Related articles

See all
Popular News

കാർ വാങ്ങാൻ പ്ലാനുണ്ടോ? സ്‌കോഡ കുഷാഖിന്റെ പുതിയ വിലവിവരങ്ങൾ അറിയാം

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ...

Save your stories

Sign in