ഇടുക്കി: വിഷാംശം ഉള്ളില്‍ച്ചെന്ന് അടിമാലിയില്‍ ഒരു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം. അടിമാലി ഒഴുവത്തടം സ്വദേശികളായ വലിയകാട്ടില്‍ അഫ്‌സല്‍ - സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാന്‍, റിഹാന്‍ എന്നിവരാണ് മരിച്ചത്. പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ കുഞ്ഞുങ്ങള്‍ അറിയാതെ കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് പിതാവ് അഫ്‌സല്‍ പോലീസിന് മൊഴി നല്‍കി.
കുഞ്ഞുങ്ങള്‍ക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് തന്നെയാണ് ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സ നല്‍കിയെങ്കിലും ഒരു കുട്ടി അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ടാമത്തെ കുട്ടി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും വെച്ച് മരിക്കുകയായിരുന്നു.
സംഭവത്തില്‍ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിതാവിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയ പോലീസ്, മരണത്തില്‍ മറ്റ് സംശയങ്ങളോ ദുരൂഹതയോ ഉണ്ടോ എന്നറിയാന്‍ മാതാപിതാക്കളായ അഫ്‌സലിനെയും സാന്ദ്രയെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
തിന്നര്‍ കുടിച്ചെന്ന് പിതാവ്; ഇടുക്കി അടിമാലിയില്‍ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചു