ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ റഹ്‌മത്ത് ഷായ്ക്ക് ചരിത്രനേട്ടം. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിക്കുന്ന ആദ്യത്തെ അഫ്ഗാന്‍ താരമെന്ന പെരുമയാണ് റഹ്‌മത്ത് ഷാ സ്വന്തമാക്കിയത്. ഷാര്‍ജയില്‍ സിംബാബ്വെക്കെതിരെ നടന്ന ഒന്നാം ടെസ്റ്റില്‍ നേടിയ 173 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് അഫ്ഗാന്‍ നായകനെ പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ത്തിയത്.
അതേസമയം, റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്തിനും ശുഭ്മാന്‍ ഗില്ലിനും തിരിച്ചടിയേറ്റു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും റാങ്കിങ്ങില്‍ ഓരോ സ്ഥാനം വീതം താഴേക്കിറങ്ങി യഥാക്രമം എട്ടും പത്തും സ്ഥാനങ്ങളിലെത്തി. പന്തിന് 713 റേറ്റിങ് പോയിന്റും ഗില്ലിന് 697 പോയിന്റുമുണ്ട്. മറ്റൊരു ഇന്ത്യന്‍ യുവതാരമായ യശസ്വി ജയ്സ്വാള്‍ 13-ാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് റാങ്കിങ്ങില്‍ ഒന്നാമതും രണ്ടാമതും ഉള്ളത്. ഓസ്‌ട്രേലിയയുടെ ട്രെവിസ് ഹെഡ്, ദക്ഷിണാഫ്രിക്കയുടെ തെംബ ബാവുമ, ഓസീസിന്റെ തന്നെ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഇവര്‍ക്ക് തൊട്ടുപിന്നിലുള്ളത്.
ഐസിസി ടെസ്റ്റ് റാങ്കിങ്: ചരിത്രമെഴുതി അഫ്ഗാന്‍ ക്യാപറ്റന്‍; ഗില്ലിനും പന്തിനും തിരിച്ചടി