കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴ ജനജീവിതം താറുമാറാക്കി. പലയിടത്തും റോഡുകളില്‍ വെള്ളം കയറി ഗതാഗതം നിലച്ചു. 91 വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കി. ജനങ്ങളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നഗരത്തിലെ പല പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. ഇത് നിരവധി വീടുകളിലേക്കും പാര്‍പ്പിട സമുച്ചയങ്ങളിലേക്കും വെള്ളം കയറാന്‍ കാരണമായി. ശക്തമായ മഴയ്ക്കിടയില്‍ അഞ്ച് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഹൗറ, സീല്‍ഡ ഡിവിഷനുകളിലെ റെയില്‍വേ ലൈനുകളില്‍ വെള്ളക്കെട്ടുണ്ടായി. തുടര്‍ന്ന് നിരവധി സബര്‍ബന്‍, ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവളത്തിലെ സര്‍വീസുകള്‍ക്ക് കാര്യമായ തടസ്സങ്ങളില്ലെങ്കിലും ചെറിയ കാലതാമസങ്ങള്‍ നേരിട്ടു. ദുര്‍ഗാ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്ന സമയത്താണ് മഴയെത്തിയത്. ഇത് പന്തല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഉത്സവ വിപണികളെയും സാരമായി ബാധിച്ചു.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്‍ക്കത്തയിലെ അലിപ്പോറില്‍ 247.5 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഗാരിയ കാംദഹാരിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 332 മില്ലിമീറ്റര്‍ മഴ ലഭിച്ചു. വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അത് വടക്ക്-പടിഞ്ഞാറോട്ട് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ദക്ഷിണ ബംഗാളിലെ വിവിധ ജില്ലകളില്‍ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 25 ഓടെ മറ്റൊരു പുതിയ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.