പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 26) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. അതേസമയം നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. മുൻകൂട്ടി നിശ്ചയിച്ച മേളകൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി നടത്തണമെന്നും ജില്ലാ കലക്ടർ കെ. സുധീർ അറിയിച്ചു.
കേരളത്തിൽ ഒക്ടോബർ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനു മുകളിലുമായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽനിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.
മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം ഇന്ന് അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. നാളെ രാവിലെ ഇത് മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി മാറിയേക്കും. ഒക്ടോബർ 27ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി രൂപപ്പെടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഒക്ടോബർ 28ന് രാവിലെ ആന്ധ്രപ്രദേശ് തീരത്തിന് സമീപം എത്തുന്ന ചുഴലിക്കാറ്റ് ഉച്ചയ്ക്കുമുമ്പ് ആന്ധ്രപ്രദേശ്–യാനം തീരങ്ങൾക്കിടയിൽ ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലൂടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
കരയിൽ പ്രവേശിക്കുമ്പോൾ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.